ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിട്ടുള്ള ദിത്വാ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ തീരത്തിനടുത്തായാണ് ദിത്വാ ചുഴലിക്കാറ്റ് രൂപം കൊണ്ടിട്ടുള്ളത്. യെമൻ ആണ് ചുഴലിക്കാറ്റിന് കായൽ എന്നർത്ഥം വരുന്ന ദിത്വാ എന്ന പേര് നൽകിയിരിക്കുന്നത്.
നിലവിൽ ദിത്വാ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് ആണ് നീങ്ങുന്നത്. അടുത്ത ആറ് ദിവസങ്ങളിൽ ദക്ഷിണേന്ത്യയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും, മഴയും, ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തമിഴ്നാട്ടിൽ ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ടൈ എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ ദിത്വാ ചുഴലിക്കാറ്റ് പുതുച്ചേരിയിൽ നിന്ന് ഏകദേശം 640 കിലോമീറ്റർ വടക്കുപടിഞ്ഞാറായും ചെന്നൈയിൽ നിന്ന് 730 കിലോമീറ്റർ വടക്കുപടിഞ്ഞാറായും ആണ് സ്ഥിതിചെയ്യുന്നത്.









Discussion about this post