പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വലിയമല പോലീസിന്റേതാണ് നടപടി. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. ഇന്നലെ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിക്കാണ് യുവതി പരാതി നൽകിയത്. മുഖ്യമന്ത്രി ഡിജിപിക്കു പരാതി കൈമാറി. രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തി പോലീസ് മൊഴിയെടുത്തിരുന്നു. സംഭാഷണങ്ങളും ചാറ്റുകളും അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചനകളുണ്ട്. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടച്ചുപൂട്ടി മുങ്ങുകയായിരുന്നു രാഹുൽ. സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. പത്തനംതിട്ട അടൂരിലെ വീട്ടിലേക്കും മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല. കോയമ്പത്തൂർ വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.
സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. താൻ നേരിട്ട ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്.








