ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ന്യൂഡൽഹിയിൽ ഇന്ത്യയുടെയും റഷ്യയുടെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. ഡിസംബർ 4 ന് ആയിരിക്കും ഇന്ത്യ-റഷ്യ പ്രതിരോധമന്ത്രി തല ചർച്ച ഉണ്ടാവുക. റഷ്യയിൽ നിന്നും കൂടുതൽ എസ്-400 വിമാനങ്ങളും സുഖോയ്-57 യുദ്ധവിമാനങ്ങളും വാങ്ങുന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.
23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനം. ഡിസംബർ 4-5 തീയതികളിൽ ആണ് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ ഇരു രാജ്യങ്ങളും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്തും.
സൈനിക ഹാർഡ്‌വെയർ സഹകരണത്തിന് ഊന്നൽ നൽകുകയും ഡെലിവറി കാലതാമസം പരിഹരിക്കുകയും ചെയ്യുക എന്നുള്ളതിനാണ് ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രാധാന്യം നൽകുന്നത്. ഇന്ത്യ കൂടുതൽ എസ്-400 വ്യോമ പ്രതിരോധ റെജിമെന്റുകളും സുഖോയ്-57 യുദ്ധവിമാനങ്ങളും വാങ്ങാനുള്ള താല്പര്യം ഇതിനകം തന്നെ റഷ്യയെ അറിയിച്ചിട്ടുണ്ട്. പുതിയ അഞ്ച് എസ്-400 സ്ക്വാഡ്രണുകൾ കൂടി വാങ്ങുന്നതിനാണ് ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം റഷ്യൻ എണ്ണ വാങ്ങുന്ന ഒരു പ്രധാന രാജ്യം എന്ന നിലയിൽ ഊർജ്ജസഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും കൂടുതൽ ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ നടത്തും.









Discussion about this post