ന്യൂഡൽഹി : ശ്രീലങ്കയെ തകർത്തെറിഞ്ഞ ദിത്വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നു. ശ്രീലങ്കയുടെ തീരത്തും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കേന്ദ്രീകരിച്ചിരിക്കുന്ന ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയാണെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ 30 ന്റെ തുടക്കത്തിൽ ദിത്വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് എത്തുമെന്ന് ഐഎംഡി പ്രവചിക്കുന്നു.
ദിത്വാ ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരം തൊടാനാണ് സാധ്യത എന്നാണ് കരുതപ്പെടുന്നത്. ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാക്കിയ നാശനഷ്ടങ്ങളെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കയിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മരണസംഖ്യ 123 കടന്നു.
ദിത്വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തെത്തുന്നതോടെ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് കരുതപ്പെടുന്നു. ചുഴലിക്കാറ്റ് ആസന്നമാകുന്ന സാഹചര്യത്തിൽ, ചെന്നൈ വിമാനത്താവളം 54 ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ റദ്ദാക്കി. തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്തമായ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.








