ന്യൂഡൽഹി : ബീഹാർ തിരഞ്ഞെടുപ്പിൽ ഏറ്റ വമ്പൻ തോൽവിയെ കുറിച്ച് വിലയിരുത്താനായി പ്രത്യേക യോഗം ചേർന്ന് കോൺഗ്രസ് ദേശീയ നേതൃത്വം. രാഹുൽ ഗാന്ധിയും ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പാർട്ടിയുടെ ബിഹാർ യൂണിറ്റ് നേതാക്കളുമായി ചർച്ച നടത്തി. ന്യൂഡൽഹിയിലെ ഖാർഗെയുടെ വസതിയിലായിരുന്നു യോഗം.
2025 ലെ ബീഹാർ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തകർച്ചയെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് ഉന്നതർ നടത്തിയ രണ്ടാമത്തെ പ്രധാന യോഗമാണിത്. കോൺഗ്രസ് സംസ്ഥാന യൂണിറ്റ് മേധാവി രാജേഷ് റാം, കോൺഗ്രസിന്റെ ബിഹാർ ചുമതലയുള്ള കൃഷ്ണ അല്ലവരു എന്നിവരുൾപ്പെടെ ബീഹാറിൽ നിന്നുള്ള പാർട്ടിയുടെ പ്രധാന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
എൻഡിഎ സ്ത്രീകൾക്ക് നൽകിയ 10,000 രൂപയുടെ പദ്ധതിയാണ് തോൽവിക്ക് പ്രധാന കാരണമായതെന്ന് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ വിലയിരുത്തി. എന്നാൽ, കോൺഗ്രസിലെ ഉൾപാർട്ടി കലഹവും ആഭ്യന്തര പ്രശ്നങ്ങളും ടിക്കറ്റ് വിതരണം വൈകിയതും ആണ് വമ്പൻ തോൽവിക്ക് കാരണമായതെന്ന് ബിഹാർ നേതാക്കൾ അഭിപ്രായപ്പെട്ടു. ബീഹാർ തിരഞ്ഞെടുപ്പിൽ 243 മണ്ഡലങ്ങളിൽ മത്സരിച്ച മഹാസഖ്യം 35 സീറ്റുകൾ മാത്രമാണ് നേടിയത്.








