പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡനക്കേസിൽ പ്രതിപ്പട്ടികയിലുള്ള സുഹൃത്തിന്റെ കൂട്ടുകാരന്റെ വീട്ടിൽ എത്തി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട മൈലപ്ര സ്വദേശി അജീഷിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ടോടെ പോലീസ് എത്തിയത്.
രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സുഹൃത്ത് ജോബി ജോസഫിന്റെ കൂട്ടുകാരനാണ് അജീഷ്. കേസിൽ അന്വേഷണം തുടങ്ങിയതുമുതൽ ചെങ്ങന്നൂർ സ്വദേശിയായ ജോബി മാറി നിൽക്കുകയാണ്. ഇയാളുടെ ഫോൺ രേഖകകൾ പരിശോധിച്ചതിൽനിന്ന് അവസാനം ബന്ധപ്പെട്ടിട്ടുള്ളത് അജീഷിനെയാണെന്ന് മനസ്സിലായി. ഇതിന് പിന്നാലെയാണ് പോലീസ് എത്തിയത്.
ബിഎൻഎസ് 64 അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചുള്ള ബലാത്സംഗം, ബിഎൻഎസ് 89 നിർബന്ധിത ഗർഭഛിദ്രം, ബിഎൻഎസ് 319 വിശ്വാസ വഞ്ചന, ബിഎൻഎസ് 351 ഭീഷണിപ്പെടുത്തൽ ഐടി നിയമം 66 ഫോണിലൂടെ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് രാഹുലിനെ കേസിൽ പ്രതിചേർത്തിരിക്കുന്നത്. ഗർഭച്ഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചുവെന്നായിരുന്നു യുവതി മൊഴി നൽകിയത്. ബെംഗളൂരുവിൽ നിന്ന് രാഹുലിന്റെ സുഹൃത്ത് മരുന്ന് എത്തിച്ചു നൽകിയെന്നും മരുന്ന് കഴിച്ചെന്ന് വീഡിയോ കോൾ വിളിച്ച് രാഹുൽ ഉറപ്പ് വരുത്തിയെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു. രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കിയതായി യുവതി പോലീസിനോട് പറഞ്ഞു. മരുന്നു കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഈ സമ്മർദ്ദത്തിലാണ് മരുന്ന് കഴിച്ചതെന്നും യുവതി പറയുന്നു.













Discussion about this post