ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിരവധി സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. ഏറെ നിർണായകമായ ആറ്റോമിക് എനർജി ബിൽ കേന്ദ്രസർക്കാർ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. മറ്റ് എട്ട് കരട് നിയമനിർമ്മാണങ്ങളും അജണ്ടയിലുണ്ട്.
ഇന്ത്യയിലെ ആണവോർജ ഉപയോഗവും നിയന്ത്രണവും നിയന്ത്രിക്കാൻ ശ്രമിക്കുന്ന നിർണായകമായ ‘ദി ആറ്റോമിക് എനർജി ബിൽ, 2025’ ആണ് ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന പ്രധാന ബിൽ. സിവിൽ ആണവ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നതിനുള്ള നിയമനിർമ്മാണമാണ് കേന്ദ്രസർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഇതുവരെ കർശനമായി നിയന്ത്രിതമായിരുന്ന ഇന്ത്യയുടെ ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഹൈദരാബാദിലെ സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ഇൻഫിനിറ്റി കാമ്പസിന്റെ ഉദ്ഘാടന വേളയിൽ വ്യക്തമാക്കിയിരുന്നു.
ഈ പരിഷ്കരണം ചെറിയ മോഡുലാർ റിയാക്ടറുകൾ, നൂതന റിയാക്ടറുകൾ, ആണവ നവീകരണം എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും സാങ്കേതിക നേതൃത്വത്തിനും ഇത് പുതിയ ശക്തി നൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ ഇന്ത്യയുടെ ആണവോർജ്ജ അടിത്തറയായി 23 റിയാക്ടറുകൾ സർക്കാർ ഉടമസ്ഥതയിലുള്ള ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്, 8.8 GW സ്ഥാപിത ശേഷി മാത്രമേ ഇതുവഴി ഇന്ത്യയ്ക്ക് നിലവിലുള്ളൂ. എന്നാൽ സ്വകാര്യ പങ്കാളിത്തത്തിലൂടെ 2032 ആകുമ്പോഴേക്കും 22 GW ശേഷിയും 2047 ആകുമ്പോഴേക്കും 100 GW ശേഷിയും കൈവരിക്കുക എന്നതാണ് കേന്ദ്രസർക്കാർ ഈ പുതിയ നിയമനിർമാണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.










Discussion about this post