ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്രസർക്കാർ സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രി നിർമല സീതാരാമൻ ആണ് ബിൽ അവതരിപ്പിച്ചത്. ലോക്‌സഭയിലെ പ്രതിപക്ഷത്തിന്റെ ബഹളങ്ങൾക്കിടയിൽ, ധനമന്ത്രി പുകയില, പാൻ മസാല, അനുബന്ധ ഉൽപ്പന്നങ്ങൾ തുടങ്ങിയ ‘പാപകരമായ വസ്തുക്കൾ’ക്കുള്ള നികുതികൾ പുനഃക്രമീകരിക്കാൻ ശ്രമിക്കുന്ന രണ്ട് പുതിയ ബില്ലുകൾ ആണ് അവതരിപ്പിച്ചത്.
പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസം വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇന്ന് ലോക്സഭയിലും പ്രതിപക്ഷം ബഹളം തുടരുകയാണ്. എസ്‌ഐആറും തിരഞ്ഞെടുപ്പ് സത്യസന്ധതയും ചർച്ച ചെയ്യുന്നതിനായി ലോക്‌സഭയുടെ പ്രവൃത്തികൾ നിർത്തിവയ്ക്കണമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ഒരു പ്രമേയം അവതരിപ്പിച്ചു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന എക്സൈസ് ഭേദഗതി ബിൽ ഇന്ന് തന്നെ ലോക്സഭയിൽ പാസാകാനാണ് സാധ്യതയുള്ളത്. 1944-ലെ സെൻട്രൽ എക്സൈസ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ, 2025, ആണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയ്ക്ക് മുമ്പാകെ ചർച്ചയ്ക്ക് വെച്ചിട്ടുള്ളത്. പുകയിലയ്ക്കും പുകയില ഉൽപന്നങ്ങൾക്കും സെസ് ഏർപ്പെടുത്തുന്നതിനുള്ള നിയമം ഉൾപ്പെടുന്നതാണ് ഈ ബിൽ. സിഗരറ്റുകൾ, ചവയ്ക്കുന്ന പുകയില, സിഗാറുകൾ, ഹുക്കകൾ , സർദ, സുഗന്ധമുള്ള പുകയില എന്നിവയുൾപ്പെടെ എല്ലാ പുകയില ഉൽപ്പന്നങ്ങൾക്കും നിലവിൽ ചുമത്തിയിരിക്കുന്ന ജിഎസ്ടി നഷ്ടപരിഹാര സെസ് മാറ്റിസ്ഥാപിക്കാൻ ആണ് സെൻട്രൽ എക്സൈസ് ഭേദഗതി ബിൽ, 2025 ലക്ഷ്യമിടുന്നത്.










Discussion about this post