പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡന ആരോപണവുമായി താരതമ്യം ചെയ്താൽ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്ന് അഖിലേന്ത്യ മഹിളാ അസോസിയേൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായർ. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കിൽ നടപടി വന്നേനെ എന്നും ലസിത നായർ പറഞ്ഞു.
കൊടും ക്രിമിനലും ബലാത്സംഗ വീരനുമായ രാഹുൽ മാങ്കൂട്ടത്തിൽ നിർദേശിച്ചവരാണ് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളിൽ ഭൂരിപക്ഷവും. പീഡന പരമ്പരകൾക്ക് കാവൽ നിന്നവർക്കും അയാളുടെ അടിമകൾക്കുമാണ് സീറ്റു നൽകിയതെന്നും ലസിത നായർ ആരോപിച്ചു. ലൈംഗിക വൈകൃത മനോരോഗിയായ രാഹുൽ മാങ്കുട്ടത്തിലിനെ പോലെയുള്ളവർ മാനവരാശിക്ക് തന്നെ അപകടമാണ്. ഇത്തരക്കാർക്ക്, മുന്നിൽ നിൽക്കുന്ന സ്ത്രീകൾ ആരെന്ന് പോലും തിരിച്ചറിയാനാകില്ല. യൂത്ത് കോൺഗ്രസ് പ്രസിഡന്റാകാനുള്ള യോഗ്യത ഇതായിരുന്നോയെന്നും ലസിത നായർ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത് തീവ്രത കുറഞ്ഞതായിരിക്കാം എന്ന് ഞാൻ അനുമാനിക്കുന്നു. പീഡനമാണെന്ന് ഞങ്ങൾ അംഗീകരിച്ചിട്ടില്ലല്ലോ. അതിൽ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ തുടർനടപടികൾ ഉണ്ടായേനേ. ഞങ്ങളത് നിയമത്തിന് വിടുകയാണ്. നിയമം അനുശാസിക്കുന്ന ഏത് കുറ്റവാളിക്കും പീഡകനും ബാധകമായ ശിക്ഷ ഉണ്ടാവണമെന്ന് ലസിത നായർ കൂട്ടിച്ചേർത്തു.













Discussion about this post