ന്യൂഡൽഹി : റഷ്യയുമായി എല്ലാ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ, വ്യാപാര സഹകരണം കൂടുതൽ ശക്തമാക്കുമെന്നും പ്രസിഡന്റ് പുടിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയോടുള്ള ആഴത്തിലുള്ള സൗഹൃദത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും പ്രസിഡന്റ് പുടിന് നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.
ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന റഷ്യൻ പൗരന്മാർക്കായി ഒരു സുപ്രധാന വാഗ്ദാനവും പ്രധാനമന്ത്രി ഇന്ന് നൽകി. റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ നൽകുമെന്ന് മോദി പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം റഷ്യ ഇന്ത്യൻ പൗരന്മാർക്ക് ഇതേ രീതിയിൽ 30 ദിവസത്തെ ഫ്രീ വിസ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇന്ത്യ നടത്തിയിരിക്കുന്ന ഈ പ്രഖ്യാപനം അനുസരിച്ച് 30 ദിവസത്തെ ഗ്രൂപ്പ് ടൂറിസ്റ്റ് വിസകളും ഉടൻതന്നെ അവതരിപ്പിക്കും. കൂടാതെ നൈപുണ്യ വികസനം, പരിശീലനം എന്നിവയിലും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്നേഹവും ആത്മാഭിമാനവും നിറഞ്ഞ ഒരു വികാരം നിലനിൽക്കുന്നുണ്ട്. അടുത്തിടെ റഷ്യയിൽ രണ്ട് പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറന്നു. ഇത് ഇരു രാജ്യങ്ങളിലെയും പൗരന്മാർ തമ്മിലുള്ള ബന്ധം സുഗമമാക്കുകയും അടുപ്പം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും മോദി വ്യക്തമാക്കി.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ സുപ്രധാന നാഴികക്കല്ലുകൾ പിന്നിടുന്ന സമയത്താണ് റഷ്യൻ പ്രസിഡന്റിന്റെ ഈ സന്ദർശനം എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. “25 വർഷം മുമ്പ്, പ്രസിഡന്റ് പുടിൻ നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറ പാകി. എല്ലാ സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വം നമ്മുടെ ബന്ധങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. ഇന്ത്യയോടുള്ള ആഴത്തിലുള്ള സൗഹൃദത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും പ്രസിഡന്റ് പുടിന് എന്റെ നന്ദി അറിയിക്കുന്നു. ഇന്ത്യ-റഷ്യ സൗഹൃദം ഒരു ധ്രുവനക്ഷത്രം പോലെ നിലനിന്നു. കാലത്തിന്റെ പരീക്ഷണത്തെ ഞങ്ങൾ എപ്പോഴും അതിജീവിച്ചു. ഈ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സഹകരണത്തിന്റെ എല്ലാ വശങ്ങളും ഇന്ന് ഞങ്ങൾ ചർച്ച ചെയ്തു,” എന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.











Discussion about this post