ന്യൂഡൽഹി : കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. കൂടംകുളം ആണവ നിലയത്തിലെ ആറ് റിയാക്ടർ യൂണിറ്റുകളിൽ രണ്ടെണ്ണം ഇതിനകം ഊർജ്ജ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നാലെണ്ണം ഇപ്പോഴും നിർമ്മാണത്തിലാണ്. ഈ ആണവ നിലയം പൂർണ്ണ വൈദ്യുതി ഉൽപ്പാദനത്തിലേക്ക് എത്തിക്കുന്നത് ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്ക് മികച്ച സംഭാവന നൽകുമെന്നും റഷ്യൻ പ്രസിഡന്റ് അറിയിച്ചു. നരേന്ദ്ര മോദിയോടൊപ്പം ഇന്ന് ന്യൂഡൽഹിയിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ആണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-റഷ്യ തന്ത്രപരമായ സഹകരണത്തിന്റെ പ്രതീകമായാണ് കൂടംകുളത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം നിർമ്മിക്കുന്നത്. ആണവ നിലയത്തിലെ ആറ് യൂണിറ്റുകളിൽ രണ്ടെണ്ണം ആണ് ഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുള്ളത്. മൂന്നാമത്തെ റിയാക്ടറും ഉടൻ പ്രവർത്തനം ആരംഭിക്കും. കൂടംകുളം നിലയത്തിലെ മൂന്നാമത്തെ റിയാക്ടറിന്റെ ആദ്യ ലോഡിംഗിനായുള്ള ആണവ ഇന്ധനത്തിന്റെ ആദ്യ ബാച്ച് റഷ്യ ഇന്ത്യയിലേക്ക് അയച്ചു.
റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ആണവ കോർപ്പറേഷനായ റോസാറ്റം കൂടംകുളം ആണവ നിലയത്തിലേക്കുള്ള ഏറ്റവും പുതിയ ആണവ ഇന്ധനത്തിന്റെ ബാച്ച് അയച്ചതായി ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഇന്ന് റഷ്യൻ പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഊർജ്ജ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതുൾപ്പെടെ നിരവധി ഉഭയകക്ഷി വിഷയങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ചെറിയ മോഡുലാർ റിയാക്ടറുകളുടെയും ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാന്റുകളുടെയും നിർമ്മാണത്തെക്കുറിച്ചും, വൈദ്യശാസ്ത്രത്തിലോ കൃഷിയിലോ പോലുള്ള ആണവ സാങ്കേതികവിദ്യകളുടെ ഊർജ്ജേതര പ്രയോഗങ്ങളെക്കുറിച്ചും ഇരു നേതാക്കളും തമ്മിൽ ചർച്ചകൾ നടന്നു.










Discussion about this post