ആസ്സാം: ആസ്സാമില്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴിലുണ്ടായ ദാരിദ്ര്യത്തിനും അഴിമതിക്കും എതിരായാണ് തന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്സാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്ക്കെതിരെ അല്ല തന്റെ പോരാട്ടമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ആസ്സാം ഐശ്വര്യ സമൃദ്ധമായ സംസ്ഥാനമായിരുന്നു. എന്നാലിന്ന് ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുകയാണ്. കോണ്‍ഗ്രസിന് നിങ്ങള്‍ അറുപത് വര്‍ഷം നല്കിയപ്പോള് ഒന്നും ഉണ്ടായില്ല. എന്നാല്‍ ബി.ജെ.പി ചോദിക്കുന്നത് അഞ്ചു വര്‍ഷം മാത്രമാണ് മോദി പറഞ്ഞു.
ആസ്സാമിലെ ടിന്‍സുകിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ആസ്സാമിനായി എന്റെ കൈവശമുള്ളത് മൂന്ന് അജണ്ടകളാണ് വികസനം, അതിവേഗ വികസനം, എല്ലാ തലത്തിലുമുള്ള വികസനം എന്നിവയാണത്. തിരഞ്ഞെടുപ്പിലെ പോരാട്ടം താനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണെന്ന് പറഞ്ഞ ആസ്സാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയെ അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 90 വയസ് തികയാന്‍ പോകുന്ന ഗോഗോയ് പറയുന്നത് പോരാട്ടം താനുമായാണെന്നാണ്. ഗോഗോയ് തന്നെക്കാള്‍ മുതിര്‍ന്ന ആളാണ്. അതിനാല്‍ തന്നെ മുതിര്‍ന്നവരോട് ഇളയവര്‍ മത്സരിക്കാറില്ല. അവര്‍ക്ക് മുതിര്‍ന്നവര്‍ അനുഗ്രഹങ്ങള്‍ നേരാറാണ് പതിവ്. താന്‍ ഗോഗോയ്ക്കെന്നല്ല ഒരു വ്യക്തിക്കും എതിരായല്ല പോരാടുന്നത്. ദാരിദ്ര്യവും അഴിമതിക്കും എതിരായാണ് താന്‍ പോരാടുന്നതെന്നും മോദി പറഞ്ഞു.
ബി.ജെ.പിയെ വിജയിപ്പിച്ചാല്‍ ആസ്സാമിന് സര്‍ബാനന്ദ് സോനോവാളിനെ പോലെയുള്ള യുവാവിനെ മുഖ്യമന്ത്രിയായി ലഭിക്കും. എന്നാലത് കേന്ദ്ര സര്‍ക്കാരിന് വലിയ നഷ്ടമാണ്. കാരണം മികച്ച ഒരു മന്ത്രിയെയാണ് തനിക്ക് നഷ്ടപ്പെടുകയെന്നും മോദി പറഞ്ഞു. പാവങ്ങള്‍ക്ക് വീടുകള്‍ പണിതു നല്‍കുന്നതിനുള്ള പണം കേന്ദ്രസര്‍ക്കാര്‍ നല്കി. എന്നാല്‍ അതൊന്നും കോണ്‍ഗ്രസ് ഉപയോഗിച്ചില്ല. വൈദ്യുതിയില്ലാത്ത നിരവധി ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. ഈ സാഹചര്യം മാറണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ചായക്കടക്കാരനായിരുന്നപ്പോള്‍ അസം ചായയാണ് വിറ്റിരുന്നത്. അത് ആളുകളെ ഉന്മേഷവാന്മാരാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അസമിനോട് വളരെ കടപ്പെട്ടിരിക്കുന്നു’ മോദി പറഞ്ഞു.
Discussion about this post