ന്യൂഡൽഹി : ഭരണഘടനാ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ 69-ാം ചരമവാർഷികമാണ് ഇന്ന്. മഹാപരിനിർവാൺ ദിവസ് ആയി ആചരിക്കുന്ന അംബേദ്കറുടെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികൾ അർപ്പിച്ചു.
പാർലമെന്റ് ഹൗസ് സമുച്ചയത്തിലെ ഡോ. അംബേദ്കറുടെ പ്രതിമയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാഞ്ജലികൾ നടത്തി.
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉൾപ്പെടെയുള്ള മറ്റു വിശിഷ്ട വ്യക്തികളും അംബേദ്കർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. “മഹാപരിനിർവാൺ ദിവസത്തിൽ ഡോ. ബാബാസാഹേബ് അംബേദ്കറെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ദർശനാത്മക നേതൃത്വവും നീതി, സമത്വം, ഭരണഘടന എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും നമ്മുടെ ദേശീയ യാത്രയെ തുടർന്നും നയിക്കും. മാനുഷിക അന്തസ്സ് ഉയർത്തിപ്പിടിക്കാനും ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്താനും അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി നാം പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ആദർശങ്ങൾ നമ്മെ തുടർന്നും നയിക്കട്ടെ,” എന്ന് മോദി രാവിലെ എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിൽ കുറിച്ചു.
അംബേദ്കറുടെ ചരമവാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അനുസ്മരണ പരിപാടികൾ നടന്നു. ഉത്തർപ്രദേശിൽ അംബേദ്കർ മഹാസഭ ഓഫീസിൽ നടന്ന അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തു. പഞ്ചതീർത്ഥ നിർമ്മാണവും പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്കായുള്ള പുതിയ സ്കോളർഷിപ്പ് പദ്ധതികളും ബാബാ സാഹിബിന്റെ സമത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആദർശങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതാണെന്ന് യോഗി അറിയിച്ചു.












Discussion about this post