തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പാചകവാതക ക്ഷാമം പരിഹരിക്കാൻ കർശന നടപടികളുമായി കോർപ്പറേഷൻ. ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകൾക്ക് രൂപം നൽകുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. നഗരത്തിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേർത്ത ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും കാറ്ററിംഗ് ഉടമകളുടെയും യോഗത്തിലാണ് തീരുമാനം.
പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മേയർ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി സുരേഷ് ഗോപി നേരിട്ടെത്തി സ്ഥിതിഗതികൾ വിശദീകരിച്ചു. നിലവിലെ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ അദ്ദേഹം വിശദീകരിച്ചു.
പാചകവാതക ക്ഷാമം മുതലെടുത്ത് ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കാൻ പാടില്ലെന്ന് ഹോട്ടൽ ഉടമകൾക്ക് മേയർ കർശന നിർദ്ദേശം നൽകി. ഹോട്ടലുകളിൽ എത്തുന്നവർക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രമേ നൽകാവൂ എന്നും മേയർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി











