പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ കുറവുണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു ഉദ്യോഗസ്ഥർ. എന്നാലിതാ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം.
പിഎഫിൽ അടയ്ക്കുന്ന തുക നിയമപരമായി നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന ശമ്പളം 15,000 രൂപ എന്ന പരിധിയെ അടിസ്ഥാനമാക്കിയാണ്. അതിന് മുകളിൽ വരുന്ന അടിസ്ഥാന ശമ്പളമുണ്ടെങ്കിലും, അതിന്റെ അടിസ്ഥാനത്തിൽ പിഎഫ് നൽകണമെന്നത് നിർബന്ധിത നിർദേശമായി പറയുന്നില്ല. ജീവനക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളത്തിൽ അതുകൊണ്ട് തന്നെ കുറവുണ്ടാവില്ല.
പുതിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കുമ്പോൾ മൊത്തം ശമ്പളത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളമായി നിശ്ചയിക്കുന്നതോടെ കൈയ്യിൽ കിട്ടുന്ന ശമ്പളം കുറയുമോ എന്നായിരുന്നു പലരുടെയും ആശങ്ക. കമ്പനിയുടെ മൊത്ത ശമ്പളത്തിന്റെ 50 ശതമാനം ബേസിക് പേ ആക്കിയാൽ, പുതുക്കിയ അടിസ്ഥാന ശമ്പളം 15,000 രൂപയിൽ കൂടുതലാണെങ്കിൽ പോലും, പിഎഫ് വിഹിതം വർദ്ധിപ്പിക്കുന്നത് ഈ ജീവനക്കാർക്ക് നിർബന്ധമല്ല. അതുകൊണ്ടുതന്നെ പഴയ അടിസ്ഥാന ശമ്പളത്തിന്റേതിനേക്കാൾ കൂടുതൽ വിഹിതം പിഎഫ് ആയി അടയ്ക്കുന്ന സാഹചര്യം ഇല്ല. തൊഴിലുടമയും ജീവനക്കാരനും സമ്മതിക്കുകയാണെങ്കിൽ, 15,000 രൂപ പരിധിക്ക് മുകളിലുള്ള വേതനത്തിൽ സ്വമേധയാ വിഹിതം നൽകാം, പക്ഷേ നിയമപരമായി അത് നിർബന്ധമല്ല. ഇതിനർത്ഥം, പുതിയ തൊഴിൽ കോഡുകൾ പ്രകാരം പിഎഫ് വിഹിതം വർദ്ധിപ്പിക്കാനുള്ള അധികാരം ജീവനക്കാർക്കും തൊഴിലുടമകൾക്കും ഉണ്ടായിരിക്കും.
നവംബർ 21-നാണ് പുതിയ തൊഴിൽ നിയമങ്ങൾ സംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ തൊഴിൽ സംസ്‌കാരത്തിൽ വരുത്തുന്ന ഏറ്റവും വലിയ പരിഷ്‌കരണങ്ങളിൽ ഒന്നാണിത്.പുതിയ തൊഴിൽ നിയമങ്ങൾ അനുസരിച്ച് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇഎസ്ഐ തുടങ്ങിയ നിയമപരമായ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഇപ്പോൾ ഈ സ്റ്റാൻഡേർഡ് നിർവചനത്തെ അടിസ്ഥാനമാക്കി കണക്കാക്കും. ഇതനുസരിച്ച് കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ സിടിസി ഘടനകൾ പുനഃക്രമീകരിക്കേണ്ടതുണ്ട്.













Discussion about this post