ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിന്റെ പേരിൽ അമേരിക്കയും ചൈനയും തമ്മിൽ കടുത്ത വാക്‌പോര്.
ഗാൽവൻ സംഘർഷത്തിന് ഇന്ത്യയും ചൈനയും ചർച്ചകളിലൂടെ തൽക്കാലം സമാധാനത്തിന്റെ പാത സ്വീകരിച്ചെങ്കിലും ചൈന ഈ അവസരം മുതലെടുത്ത് ഇന്ത്യയെ കബളിപ്പിക്കുകയാണെന്ന് പെന്റഗൺ ആരോപിക്കുന്നു. എന്നാൽ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം അമേരിക്ക ശ്രമിക്കുകയാണെന്നാണ് ചൈന പറയുന്നത്. ചൈനയുടെ പ്രതിരോധ നയത്തെ അമേരിക്ക തെറ്റായി ചിത്രീകരിക്കുകയാണെന്നും ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാനാണ് യുഎസ് നീക്കമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പുറത്തുവിട്ട വാർഷിക റിപ്പോർട്ടാണ് പുതിയ തർക്കങ്ങൾക്ക് കാരണമായത്. ഇന്ത്യ ചൈന അതിർത്തി സംഘർഷങ്ങൾ കുറയുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നത് തടയാനുള്ള ചൈനയുടെ തന്ത്രമാണെന്ന് പെന്റഗൺ പുറത്തുവിട്ട ‘മിലിട്ടറി ആൻഡ് സെക്യൂരിറ്റി ഡവലപ്‌മെന്റ്‌സ് ഇൻവോൾവിങ് ദ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – 2025’ വാർഷിക റിപ്പോർട്ട് ആരോപിച്ചു.
ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് (എൽഒഎസി) സമീപം റോഡുകളും പാലങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിൽ നിന്ന് ഇപ്പോഴും ചൈന പിന്മാറിയിട്ടില്ല. സമാധാന തീരുമാനം ഈ സൗകര്യങ്ങൾ കെട്ടിപ്പൊക്കുന്നതിനുള്ള സാവകാശമായി കാണുകയാണ് ചൈന. ഇത് തന്ത്രപരമായ നീക്കമല്ല, സമാധാനം അടവാക്കി എടുക്കുകയാണ് ചൈന. ഇന്ത്യയും യുഎസും തമ്മിൽ അടുക്കുന്നതിനെ ചൈന ജാഗ്രതയോടെയാണ് കാണുന്നത്. ഇന്ത്യയുമായി വീണ്ടും ബന്ധം മെച്ചപ്പെടുത്തുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ഇന്ത്യ-യുഎസ് ബന്ധത്തിന് തടയിടാനാണ് ചൈനയുടെ പരിശ്രമമെന്നും പെന്റഗൺ ആരോപിച്ചു.
ഈ ആരോപണങ്ങളെ ചൈന പൂർണ്ണമായും തള്ളി. ഇന്ത്യയുമായുള്ള ബന്ധത്തെ തന്ത്രപരമായതും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാടോടെയാണ് ചൈന കാണുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ”അതിർത്തി പ്രശ്‌നം ഇന്ത്യയും ചൈനയും തമ്മിലുള്ള വിഷയമാണ്. ഇതിൽ മറ്റൊരു രാജ്യം ഇടപെടുന്നതിനെയോ അഭിപ്രായം പറയുന്നതിനെയോ ഞങ്ങൾ എതിർക്കുന്നു,”. അദ്ദേഹം വ്യക്തമാക്കി.












Discussion about this post