ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബിഎൻപി അദ്ധ്യക്ഷയുമായ ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നാളെ ധാക്കയിലെത്തും. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഖാലിദ സിയ അന്തരിച്ചത്.
ഇന്ത്യയുടെ ‘അയൽപക്കം ആദ്യം എന്ന നയതന്ത്ര നിലപാടിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ വിദേശകാര്യ മന്ത്രിയെത്തന്നെ നേരിട്ട് ധാക്കയിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാലിദ സിയയുടെ നിര്യാണത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയിലും ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്തുന്നതിൽ അവർ വഹിച്ച പങ്കും എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷമുള്ള ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ജയശങ്കറിന്റെ ഈ സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. ബംഗ്ലാദേശിലെ ഹൈന്ദവ ന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങളും സുരക്ഷാ ഭീഷണികളും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ഈ നയതന്ത്ര നീക്കം. അയൽരാജ്യത്തെ ജനാധിപത്യ പ്രക്രിയയോടും ജനങ്ങളോടുമുള്ള ഇന്ത്യയുടെ കരുതലാണ് ഈ സന്ദർശനത്തിലൂടെ വ്യക്തമാകുന്നതെന്നാണ് നിരീക്ഷണം.
ബുധനാഴ്ച മാനിക് മിയ അവന്യൂവിൽ നടക്കുന്ന ജനാസ ചടങ്ങിൽ പങ്കെടുത്ത ശേഷം അദ്ദേഹം ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യ വിരുദ്ധ ശക്തികൾ ബംഗ്ലാദേശിൽ വേരുറപ്പിക്കാതിരിക്കാനും മേഖലയിലെ സുരക്ഷ കാത്തുസൂക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.










Discussion about this post