2026 ഇതാ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. പുതുവർഷത്തെ വരവേൽക്കാൻ ലോകമെമ്പാടും പലതരത്തിലുള്ള ആചാരങ്ങളുണ്ട്. എന്നാൽ സ്പെയിനിൽ നിന്നും ഉത്ഭവിച്ച് ഇന്ന് ലാറ്റിൻ അമേരിക്കയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തിലുള്ള ‘പന്ത്രണ്ട് മുന്തിരികൾ’ എന്ന ആചാരം ഏറെ ശ്രദ്ധേയമാണ്.ഡിസംബർ 31-ന് അർദ്ധരാത്രി 12 മണിക്ക് പന്ത്രണ്ട് തവണ മണി മുഴങ്ങുമ്പോൾ, ഓരോ മണിമുഴക്കത്തിനൊപ്പവും ഓരോ മുന്തിരി വീതം കഴിക്കുന്നതാണ് ഈ രീതി.
പുതുവർഷത്തിലെ പന്ത്രണ്ട് മാസങ്ങളെയാണ് ഈ പന്ത്രണ്ട് മുന്തിരികൾ സൂചിപ്പിക്കുന്നത്. അർദ്ധരാത്രിയിലെ ഓരോ സെക്കൻഡിലും ഓരോ മുന്തിരി വീതം കഴിച്ചു തീർക്കുന്നവർക്ക് വരാനിരിക്കുന്ന 12 മാസങ്ങളിലും ഭാഗ്യവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. ഒരു മുന്തിരി കഴിക്കാൻ സാധിച്ചില്ലെങ്കിൽ ആ മാസം നിർഭാഗ്യകരമായിരിക്കും എന്നാണ് കരുതപ്പെടുന്നത്. സ്പെയിനിൽ ‘ലാസ് ഡോസ് ഉവാസ് ഡി ലാ സുവെർട്ടെ’ (Las doce uvas de la suerte) എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്.
ഈ ആചാരത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പ്രധാനമായും രണ്ട് കഥകളാണുള്ളത്:
1909-ൽ സ്പെയിനിലെ അലിക്കന്റെ (Alicante) ഭാഗത്തുള്ള കർഷകർക്ക് ആ വർഷം മുന്തിരി വൻതോതിൽ വിളവെടുക്കാൻ സാധിച്ചു. അധികമായി വന്ന മുന്തിരികൾ വിറ്റഴിക്കാൻ വേണ്ടി അവർ കണ്ടെത്തിയ ഒരു വിപണന തന്ത്രമായിരുന്നു ഈ ‘ഭാഗ്യ മുന്തിരി’ ആചാരം എന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാർ പറയുന്നത്.
1880-കളിൽ മാഡ്രിഡിലെ പണക്കാരയവർ പുതുവർഷ രാവിൽ മുന്തിരിയും ഷാംപെയ്നും പരസ്യമായി കഴിക്കുന്നത് പതിവായിരുന്നു. ഇതിനോടുള്ള പ്രതിഷേധമെന്നോണം സാധാരണക്കാരായ ജനങ്ങൾ മാഡ്രിഡിലെ ‘പുർട്ട ഡി സോൾ’ (Puerta del Sol) ചത്വരത്തിൽ ഒത്തുചേരുകയും പരിഹാസരൂപേണ മുന്തിരി കഴിച്ചു തുടങ്ങുകയും ചെയ്തു. പിൽക്കാലത്ത് ഇത് ഒരു വലിയ ആഘോഷമായി മാറുകയായിരുന്നു.
സ്പെയിനിലെ ഓരോ വീടുകളിലും ഇന്ന് മുന്തിരി കഴിക്കുന്നത് ഒരു കലയാണ്. ടിവിയിൽ തത്സമയം കാണിക്കുന്ന മണിമുഴക്കത്തിന് മുൻപേ കുട്ടികളും മുതിർന്നവരും മുന്തിരിയുടെ വിത്തും തൊലിയും കളഞ്ഞ് തയ്യാറായി ഇരിക്കും. പന്ത്രണ്ട് മണിമുഴക്കങ്ങളും അവസാനിക്കുന്നതോടെ പന്ത്രണ്ട് മുന്തിരികളും വായിലാക്കിയവർ വലിയൊരു ആശ്വാസത്തോടെ പരസ്പരം കെട്ടിപ്പിടിക്കും.











Discussion about this post