പുതുവർഷാഘോഷത്തിന്റെ ആവേശത്തിൽ ഓൺലൈനായി ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്യാൻ കാത്തിരിക്കുന്നവർക്ക് കനത്ത പ്രഹരം. സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾക്കും കുറഞ്ഞ വേതനത്തിനുമെതിരെ രാജ്യവ്യാപകമായി ഡെലിവറി തൊഴിലാളികൾ ഇന്ന് (ഡിസംബർ 31) പണിമുടക്കുന്നു. ഇതോടെ സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ സേവനം തടസ്സപ്പെട്ടേക്കാം
ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് അധിഷ്ഠിത ട്രാൻസ്‌പോർട്ട് വർക്കേഴ്സ് (IFAT) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്ത് മിനിറ്റിനുള്ളിൽ ഡെലിവറി എന്ന ‘അപകടകരമായ’ വേഗതാ മോഡലുകൾ അവസാനിപ്പിക്കുക, മാന്യമായ വേതനം ഉറപ്പാക്കുക, ആർബിട്രറി ഐഡി ബ്ലോക്കിംഗ് നിർത്തലാക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ തൊഴിലാളികൾക്ക് മതിയായ സാമൂഹിക സുരക്ഷയോ ഇൻഷുറൻസോ ലഭിക്കുന്നില്ലെന്ന് യൂണിയനുകൾ ആരോപിക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്ന സാധാരണക്കാരായ തൊഴിലാളികളുടെ അധ്വാനം ചൂഷണം ചെയ്യുന്ന വിദേശ-സ്വദേശി കോർപ്പറേറ്റ് കമ്പനികളുടെ നടപടിക്കെതിരെയുള്ള പോരാട്ടമാണിതെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നു. ‘ആത്മനിർഭർ ഭാരത’ത്തിൽ തൊഴിലാളികൾക്ക് മാന്യമായ തൊഴിൽ സാഹചര്യവും സുരക്ഷയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഷെയ്ഖ് സലാഹുദ്ദീൻ (IFAT നാഷണൽ ജനറൽ സെക്രട്ടറി), ഇനായത്ത് അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. പണിമുടക്ക് പൂർണ്ണമായാൽ ന്യൂ ഇയർ പാർട്ടികൾക്കായി ഭക്ഷണം ഓർഡർ ചെയ്യുന്നവർ ബുദ്ധിമുട്ടിലാകും.










Discussion about this post