അമേരിക്കയിൽ നിന്നും ബംഗ്ലാദേശിലേക്ക് എത്തുന്ന ചോളത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കനത്ത പോര്. പന്നിയുടെ വിസർജ്യം വളമായി ഉപയോഗിച്ച് വളർത്തിയ ചോളമാണ് അമേരിക്ക കയറ്റുമതി ചെയ്യുന്നത് എന്ന കണ്ടെത്തലാണ് മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയതോടെ വിഷയം ഒരു നയതന്ത്ര പ്രതിസന്ധിയായി മാറുകയാണ്.
അമേരിക്കയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ചോളം കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് ധാക്കയിലെ യുഎസ് എംബസി പങ്കുവെച്ച ഒരു പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. അമേരിക്കൻ ചോളം ആരോഗ്യപ്രദമാണെന്നും അത് ബംഗ്ലാദേശിലേക്ക് അയക്കുകയാണെന്നും എംബസി അറിയിച്ചിരുന്നു. എന്നാൽ, ഈ ചോളം ഉൽപ്പാദിപ്പിക്കാൻ അമേരിക്കൻ കർഷകർ വ്യാപകമായി പന്നിവിസർജ്യം വളമായി ഉപയോഗിക്കുന്നുണ്ടെന്ന വസ്തുത പുറത്തുവന്നതോടെയാണ് പ്രതിഷേധം പുകഞ്ഞത്.
ഇസ്‌ലാമിക നിയമപ്രകാരം പന്നിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ‘ഹറാം’ അഥവാ നിഷിദ്ധമാണ്. പന്നിവിസർജ്യം കലർന്ന മണ്ണിൽ വിളഞ്ഞ ചോളം ഭക്ഷണമായി ഉപയോഗിക്കുന്നത് മതവിശ്വാസത്തെ മുറിപ്പെടുത്തുന്നതാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. “അങ്കിൾ സാം ബംഗ്ലാദേശിനെ നശിപ്പിക്കുകയാണ്, ഇനി പന്നി വളമിട്ട ചോളം തിന്നാം” എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾ.
. അമേരിക്കൻ ഇറക്കുമതി തീരുവ കുറയ്ക്കാൻ വേണ്ടി യുഎസ് ആവശ്യപ്പെട്ട ചോളവും ഗോതമ്പും വാങ്ങാൻ ബംഗ്ലാദേശിലെ യൂനസ് സർക്കാർ നിർബന്ധിതരാവുകയായിരുന്നു. ചോളത്തിന് പുറമെ 2.2 ലക്ഷം മെട്രിക് ടൺ അമേരിക്കൻ ഗോതമ്പും വാങ്ങാൻ ബംഗ്ലാദേശ് അനുമതി നൽകിയിട്ടുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മത്സ്യങ്ങൾക്കും കന്നുകാലികൾക്കും നൽകുന്ന തീറ്റയിൽ പന്നിയുടെ അംശം കണ്ടെത്തിയതിനെത്തുടർന്ന് അത്തരം ഉൽപ്പന്നങ്ങൾ ബംഗ്ലാദേശ് നിരോധിച്ചിരുന്നു. ഇപ്പോൾ മനുഷ്യർ നേരിട്ട് കഴിക്കുന്ന ഭക്ഷണത്തിലും പന്നിയുടെ അംശം (വളമായിട്ടാണെങ്കിലും) എത്തുന്നത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.











Discussion about this post