ഭോപ്പാൽ : ക്ഷേത്രദർശനം നടത്തിയ ബോളിവുഡ് നടിക്കെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി. പുതുവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി ബോളിവുഡ് താരം നുസ്രത്ത് ബറൂച്ച ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. മഹാകാലേശ്വര ക്ഷേത്രത്തിലെത്തി ശിവ ഭഗവാനെ വണങ്ങിയ നടി ഭസ്മ ആരതിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇത്തരം രീതികളെല്ലാം ശരിഅത്തിനും ഇസ്ലാമിനും എതിരാണെന്ന് ജമാഅത്തെ പ്രസിഡന്‍റ് വിമർശിച്ചു. ഒരു മുസ്ലിം സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഹിന്ദുമത പാരമ്പര്യങ്ങൾ പിന്തുടരുകയും ചെയ്യുന്നത് ഇസ്ലാമിനെതിരാണെന്നും ഇത് ഗുരുതരമായ കുറ്റകൃത്യം ആണെന്നും മൗലാന ഷഹാബുദ്ദീൻ റസ്വി സൂചിപ്പിച്ചു. ഇസ്ലാമും ശരിയത്തും അത്തരം പ്രവൃത്തികൾ അനുവദിക്കുന്നില്ലെന്നും ഈ നടപടി മതനിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയുടെ മഹാകാൽ ദർശനം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് ജമാഅത്തെ പ്രസിഡന്റ് പ്രതികരണവുമായി എത്തിയത്. “ശരീഅത്ത് നിയമപ്രകാരം നുസ്രത്ത് കുറ്റക്കാരിയാണ്. ഇത് ഇസ്ലാമിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ, അവർ പാപത്തിന്റെ വിഭാഗത്തിൽ പെടുന്നു. അവർ പശ്ചാത്തപിക്കണം. ഇസ്തിഗ്ഫാറും കൽമയും ചൊല്ലണം,” എന്നാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ മൗലാന ഷഹാബുദ്ദീൻ റസ്വി അറിയിച്ചു. അതേസമയം താൻ നേരത്തെയും മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ടെന്നും അവിടെ പോകുന്നത് മനസ്സിന് വലിയ സമാധാനം നൽകുന്നുണ്ടെന്നും നുസ്രത്ത് ബറൂച്ച വ്യക്തമാക്കി. ഇനിയും എല്ലാവർഷവും മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്നു എന്നും നടി വെളിപ്പെടുത്തി.













Discussion about this post