ഭീകരതയെ ആയുധമാക്കിയ പാകിസ്താന് ഇന്ന് അതേ നാണയത്തിൽ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്. 2025 അവസാനിക്കുമ്പോൾ, കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ രക്തച്ചൊരിച്ചിലിനാണ് പാകിസ്താൻ സാക്ഷ്യം വഹിച്ചത്. ‘ഭീകരതയുടെ നഴ്സറി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രാജ്യം ഇന്ന് ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
സൗത്ത് ഏഷ്യൻ ടെററിസം പോർട്ടലിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-ൽ മാത്രം പാകിസ്താനിൽ കൊല്ലപ്പെട്ടത് 3,967 പേരാണ്. 2015-ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ചാവേർ ആക്രമണങ്ങളും സൈനിക പോസ്റ്റുകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 1,070-ലധികം അക്രമാസക്തമായ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നപ്പോൾ ലഡു വിതറി ആഘോഷിച്ച പാക് ഭരണകൂടത്തിന് പിഴവ് സംഭവിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. താലിബാൻറെ പിന്തുണയോടെ പ്രവർത്തിക്കുന്ന തെഹ്‌രീകെ താലിബാൻ പാകിസ്താൻ ഇന്ന് പാക് സൈന്യത്തിന്റെ ഉറക്കം കെടുത്തുകയാണ്. അഫ്ഗാൻ മണ്ണിൽ അഭയം പ്രാപിച്ചിരിക്കുന്ന TTP ഭീകരർക്കെതിരെ നടപടിയെടുക്കാൻ താലിബാൻ തയ്യാറാകാത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുകയാണ്. താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ചാണ് TTP ഇന്ന് പാക് സൈനികരെ വേട്ടയാടുന്നത് എന്നതും ശ്രദ്ധേയമാണ്.
സ്വന്തം വീട്ടിലെ തീകെടുത്താൻ കഴിയാത്ത പാകിസ്താൻ, തങ്ങളുടെ പരാജയങ്ങൾക്ക് ഭാരതത്തെ പഴിചാരാനുള്ള പതിവ് ശ്രമങ്ങൾ തുടരുകയാണ്. ഭാരതവും താലിബാനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതും, പാകിസ്തനെ ഒഴിവാക്കി ചർച്ചകൾ നടക്കുന്നതും ഇസ്ലാമാബാദിനെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 2025-ൽ പഹൽഗാം ആക്രമണത്തിന് മറുപടിയായി ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പാക് ഭരണകൂടത്തിന്റെ ആത്മവിശ്വാസം തകർത്തു കഴിഞ്ഞു.
അതിർത്തികൾ അടച്ചതോടെ അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം കുത്തനെ ഇടിഞ്ഞു. നവംബറിൽ മാത്രം 115 മില്യൺ ഡോളറിൽ നിന്ന് വ്യാപാരം വെറും 9.5 മില്യൺ ഡോളറിലേക്ക് കൂപ്പുകുത്തി. ലക്ഷക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കാനുള്ള പാക് സൈന്യത്തിന്റെ തീരുമാനം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. , അയൽരാജ്യങ്ങളിൽ അശാന്തി വിതയ്ക്കാൻ ശ്രമിച്ച പാകിസ്താൻ ഇന്ന് സ്വന്തം നിലനിൽപ്പിനായി പൊരുതുകയാണ്. പാക് ജനറലുകളുടെ പിടിപ്പുകേടും ഭീകരതയോടുള്ള മൃദുസമീപനവുമാണ് ആ രാജ്യത്തെ ഈ ഗതിയിൽ എത്തിച്ചിരിക്കുന്നത്













Discussion about this post