മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി ബലാത്സംഗക്കേസിലെ അതിജീവിതയുടെ ഭർത്താവ് രംഗത്ത്. തന്റെ കുടുംബജീവിതം തകർത്തെന്നും വലിയ രീതിയിലുള്ള മാനഹാനി ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഇയാൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
താൻ സ്ഥലത്തില്ലാതിരുന്ന സമയം മുതലെടുത്ത് രാഹുൽ ഭാര്യയെ വശീകരിച്ചു. അവർ വിവാഹിതയാണെന്നറിഞ്ഞിട്ടും വഴിവിട്ട ബന്ധം സ്ഥാപിക്കുകയും കുടുംബജീവിതം തകർക്കുകയും ചെയ്തു.യുവതി ഗർഭിണിയായപ്പോൾ അതിന്റെ പിതൃത്വം തന്റെ മേൽ കെട്ടിവയ്ക്കാൻ രാഹുൽ ശ്രമിച്ചുവെന്നും വിവാഹ ഫോട്ടോകൾ പ്രചരിപ്പിച്ച് തന്നെ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു.സമൂഹമാധ്യമങ്ങളിലൂടെ തന്റെ പുരുഷത്വത്തെയും ലൈംഗിക ശേഷിയെയും പോലും ചോദ്യം ചെയ്യുന്ന തരത്തിൽ മോശമായ പ്രതികരണങ്ങൾ ഉണ്ടാകാൻ രാഹുലിന്റെ ഇടപെടലുകൾ കാരണമായി. ഇത് തന്നെ മാനസികമായി തകർത്തെന്ന് അദ്ദേഹം ആരോപിച്ചു.ദമ്പതികൾക്കിടയിലെ പ്രശ്നം പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്ന രാഹുലിന്റെ വാദത്തെയും ഭർത്താവ് തള്ളിക്കളഞ്ഞു. പ്രശ്നം പരിഹരിക്കാനായിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ നേരിട്ട് ബന്ധപ്പെട്ടില്ലെന്നും പരാതിയിൽ ചോദിക്കുന്നു.
അതേ സമയം ബലാത്സംഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.









Discussion about this post