രാജ്യത്തെ ജനസംഖ്യാ ഘടനയെക്കുറിച്ചും വർദ്ധിച്ചു വരുന്ന ജനസംഖ്യയെക്കുറിച്ചും ബിജെപി നേതാവ് നവനീത് റാണ നടത്തിയ പരാമർശത്തിന് മറുപടിയുമായി എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന നവനീത് റാണയുടെ ആഹ്വാനത്തെ പരിഹസിച്ച ഒവൈസി, തനിക്ക് ആറ് കുട്ടികളുണ്ടെന്നും വേണമെങ്കിൽ എട്ടു കുട്ടികൾക്ക് ജന്മം നൽകാൻ അവരെ ആരാണ് തടയുന്നതെന്നും ചോദിച്ചു. മഹാരാഷ്ട്രയിലെ അക്കോളയിൽ നടന്ന റാലിയിലായിരുന്നു ഒവൈസിയുടെ പ്രതികരണം.
ജനസംഖ്യാ വർദ്ധനവിനെക്കുറിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മുമ്പ് നടത്തിയ പ്രസ്താവനകളെ ഒവൈസി റാലിയിൽ പരാമർശിച്ചു. “എനിക്ക് ആറ് കുട്ടികളുണ്ട്, എന്റെ താടി നരച്ചു വരികയാണ്. ഒരാൾ പറയുന്നു നാല് കുട്ടികൾ വേണമെന്ന്. എന്തിനാണ് നാല്? നിങ്ങൾക്ക് എട്ടു കുട്ടികൾക്ക് ജന്മം നൽകിക്കൂടെ? ആരാണ് നിങ്ങളെ തടയുന്നത്? നിങ്ങൾ 20 കുട്ടികൾക്ക് ജന്മം നൽകൂ, ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. ഇതൊരു തമാശയാണോ?” ജനസംഖ്യാ നിയന്ത്രണം ചർച്ചയാകുന്ന സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ, ഇന്ത്യയെ പാകിസ്താനാക്കി മാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അത് തടയാൻ ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും നവനീത് റാണ പറഞ്ഞിരുന്നു. “ചിലർക്ക് നാല് ഭാര്യമാരും 19 കുട്ടികളുമുണ്ട്. അവർ ഇന്ത്യയെ പാകിസ്താനാക്കാൻ ശ്രമിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ ഹിന്ദുക്കൾ കുറഞ്ഞത് മൂന്ന് മുതൽ നാല് കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്നായിരുന്നു പരാമർശം
ദേശീയ സുരക്ഷയും ജനസംഖ്യാ ഘടനയും മുൻനിർത്തിയുള്ള റാണയുടെ പ്രസ്താവനയും അതിനെ പരിഹസിച്ചുള്ള ഒവൈസിയുടെ മറുപടിയും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.











Discussion about this post