ന്യൂയോർക്ക് : ഭക്ഷ്യ-പാനീയ ഭീമനായ നെസ്‌ലെ ചൊവ്വാഴ്ച അവരുടെ പ്രധാന ശിശു പോഷകാഹാര ഉൽപ്പന്നങ്ങളുടെ ചില ബാച്ചുകൾ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. ചെറിയ കുഞ്ഞുങ്ങൾക്ക് നൽകിവന്നിരുന്ന ഈ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ നടപടി എല്ലാ രാജ്യങ്ങളിലും ബാധകമാകും എന്നും നെസ്ലേ അറിയിച്ചു.
ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരു വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നെസ്ലേ ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. SMA, BEBA, NAN ഇൻഫന്റ് ആൻഡ് ഫോളോ-ഓൺ തുടങ്ങിയ ബേബി ഫോർമുലകൾ തിരിച്ചു വിളിച്ചവയിൽ ഉൾപ്പെടുന്നു. പ്രധാനമായും യൂറോപ്പിനെ കേന്ദ്രീകരിച്ചാണ് ഈ ബേബി ഫോർമുലകളുടെ വിൽപ്പന നടന്നിട്ടുള്ളത്.
ഒരു പ്രമുഖ വിതരണക്കാരിൽ നിന്നുള്ള ഒരു ചേരുവയിൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ആണ് നടപടി സ്വീകരിക്കുന്നത് എന്നാണ് നെസ്ലേ സൂചിപ്പിക്കുന്നത്. ശിശു പോഷകാഹാര ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന എല്ലാ അരാച്ചിഡോണിക് ആസിഡ് എണ്ണയുടെയും അനുബന്ധ എണ്ണ മിശ്രിതങ്ങളുടെയും പരിശോധന ശക്തമാക്കിയപ്പോഴാണ് പ്രശ്നം കണ്ടെത്തിയത്. ചോക്ലേറ്റും കാപ്പിയും ബിസ്കറ്റുകളും ഉൾപ്പെടെയുള്ള നെസ്ലേയുടെ മറ്റു ഉൽപ്പന്നങ്ങളിൽ പ്രശ്നങ്ങളില്ലെന്നാണ് സൂചന.









Discussion about this post