ന്യൂയോർക്ക് : അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ച് റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ് സൈന്യം. രണ്ടാഴ്ചയിലേറെയായി കപ്പൽ പിന്തുടർന്നതിനു ശേഷമാണ് യുഎസിന്റെ ഈ നാടകീയ നീക്കം. വെനിസ്വേലയുമായി ബന്ധമുള്ള റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ പിടിച്ചെടുത്തതായാണ് യുഎസ് സൈന്യം വിശദീകരിക്കുന്നത്. അടുത്തിടെ മറൈനേറ എന്ന് പേര് മാറ്റിയ ബെല്ല 1 എന്ന കപ്പലാണ് യുഎസ് സൈന്യം പിടികൂടിയിട്ടുള്ളത്. ഇറാനിൽ നിന്ന് വെനിസ്വേലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു കപ്പൽ.
കഴിഞ്ഞ മാസം വെനിസ്വേലയ്‌ക്കെതിരായ അമേരിക്കൻ ഉപരോധത്തിന് ശേഷമാണ് കപ്പൽ ബെല്ല 1 എന്നതിൽ നിന്ന് മറൈനേറ എന്ന പേര് മാറ്റിയതെന്നാണ് യുഎസ് സൈന്യം വെളിപ്പെടുത്തുന്നത്. വെനിസ്വേലൻ എണ്ണയുടെ ഉപരോധം ലോകത്തെവിടെയും പൂർണ്ണ ഫലത്തിൽ തുടരുന്നതിനാലാണ് റഷ്യൻ കപ്പലിന്റെ നേരെ നടപടി സ്വീകരിച്ചതെന്നും യുഎസ് വ്യക്തമാക്കി. അതേസമയം യുഎസിന്റെ ഈ നടപടി ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് റഷ്യ കുറ്റപ്പെടുത്തി.
1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച്, “മറ്റ് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു സംസ്ഥാനത്തിനും അവകാശമില്ല” എന്ന് റഷ്യൻ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. യുഎസിന്റെ ഈ നടപടി റഷ്യയും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാക്കാനാണ് സാധ്യത.










Discussion about this post