ന്യൂഡൽഹി: നിയമലംഘനം നടത്തിയാൽ വിസ റദ്ദാക്കുമെന്നും കരിയറും സ്വപ്നങ്ങളും തകരുമെന്നും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ കനത്ത മുന്നറിയിപ്പ് . അമേരിക്കയിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്കൻ മുന്നറിയിപ്പുമായി യുഎസ് എംബസി. അമേരിക്കൻ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വിസ റദ്ദാക്കൽ, നാടുകടത്തൽ, ഭാവിയിൽ വിസ ലഭിക്കുന്നതിന് സ്ഥിരമായ വിലക്ക് എന്നിവ നേരിടേണ്ടി വരുമെന്നാണ് യുഎസ് എംബസിയുടെ താക്കീത്.
യുഎസ് വിസ എന്നത് ഒരാളുടെ അവകാശമല്ലെന്നും മറിച്ച് അമേരിക്കൻ സർക്കാർ നൽകുന്ന ഒരു പ്രത്യേക ആനുകൂല്യം മാത്രമാണെന്നും എംബസി ഓർമ്മിപ്പിച്ചു. അതിനാൽ തന്നെ നിയമങ്ങൾ പാലിക്കുന്നിടത്തോളം കാലം മാത്രമേ ഈ ആനുകൂല്യം നിലനിൽക്കുകയുള്ളൂ.
ഏതെങ്കിലും തരത്തിലുള്ള നിയമലംഘനത്തിന് അറസ്റ്റ് ചെയ്യപ്പെടുകയോ നിയമനടപടികൾ നേരിടുകയോ ചെയ്താൽ അത് വിദ്യാർത്ഥി വിസയുടെ അസാധുവാക്കലിന് കാരണമാകും. ചെറിയ നിയമലംഘനങ്ങൾ പോലും ഭാവിയിലെ കരിയറിനെയും ഉപരിപഠനത്തെയും ബാധിക്കാം.
നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികളെ ഉടനടി നാടുകടത്താൻ വ്യവസ്ഥയുണ്ട്. കൂടാതെ, ഒരിക്കൽ നിയമലംഘനം നടത്തി പുറത്താക്കപ്പെടുന്നവർക്ക് പിന്നീട് ഒരിക്കലും അമേരിക്കൻ വിസ ലഭിക്കാത്ത തരത്തിൽ ‘സ്ഥിരമായ അയോഗ്യത’ഏർപ്പെടുത്തിയേക്കാം.
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിൽ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നതടക്കമുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഇതോടെ നിലവിൽ വന്നു.
അനധികൃതമായി അമേരിക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നത് അപകടകരമായ വഴിയാണെന്നും മനുഷ്യക്കടത്തുകാരുടെ ചൂഷണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും എംബസി മുന്നറിയിപ്പ് നൽകുന്നു. 2026 ജനുവരി മുതൽ വിസ അപേക്ഷാ ഫീസുകളിൽ വർധനവുണ്ട്. കൂടാതെ എച്ച്-1ബി (H-1B) വിസക്കാർക്ക് പുതിയ അപേക്ഷാ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.
കോടികൾ മുടക്കി വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും വലിയൊരു തിരിച്ചടിയാവുകയാണ് ഈ പുതിയ നിയന്ത്രണങ്ങൾ. ചെറിയൊരു അശ്രദ്ധ പോലും പടുത്തുയർത്തിയ സ്വപ്നങ്ങളെ തകർക്കാം എന്ന സന്ദേശമാണ് അമേരിക്ക നൽകുന്നത്.
വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യൂണിവേഴ്സിറ്റി നിബന്ധനകൾ കൃത്യമായി പാലിക്കുക.
അനുവാദമില്ലാതെ ജോലി ചെയ്യാതിരിക്കുക.
പ്രാദേശിക, സംസ്ഥാന നിയമങ്ങൾ കർശനമായി പിന്തുടരുക.












Discussion about this post