ബേൺ : ആഗോള ഭക്ഷ്യ ഉൽപ്പന്ന നിർമ്മാതാക്കളായ നെസ്ലേ കുഞ്ഞുങ്ങൾക്കുള്ള പാൽപ്പൊടിയിൽ വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് തിരികെ വിളിച്ച സംഭവം വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലുള്ളവർ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ല എന്നാണ് ഇപ്പോൾ കമ്പനി വ്യക്തമാക്കുന്നത്. ബേബി ഫോർമുല ഉൽപ്പന്നങ്ങളിൽ വിഷാംശം കണ്ടെത്തിയ സംഭവം ഇന്ത്യയിലെ ഉൽപ്പന്നങ്ങളെ ബാധിക്കുന്നതല്ല എന്നും നെസ്ലേ വ്യക്തമാക്കി.
ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കുന്ന നെസ്‌ലേയുടെ ബേബി ഫോർമുല ഉത്പന്നങ്ങളിൽ യാതൊരു ദോഷവും ഇല്ല എന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ബേബി ഫോർമുല ബ്രാൻഡുകളും പ്രാദേശികമായി നിർമ്മിക്കുന്നതാണ്. ഈ ഉൽപ്പന്നങ്ങളിൽ സമഗ്രമായ പരിശോധനകൾ നടത്തിയിട്ടുണ്ട്. കൂടാതെ അവ എല്ലാ ഫുഡ് സ്റ്റാൻഡേർഡ്സ് ആൻഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) മാനദണ്ഡങ്ങളും ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് എന്നും കമ്പനി അറിയിച്ചു. മുലപ്പാലിന് പകരം കുഞ്ഞുങ്ങൾക്ക് നൽകുന്ന ബേബി ഫോർമുല ഉൽപ്പന്നങ്ങളായ SMA, BEBA, NAN എന്നിവ തിരിച്ചുവിളിച്ച ബ്രാൻഡുകളിൽ ഉൾപ്പെടുന്നു. തിരിച്ചുവിളിക്കുന്ന ബാച്ച് നമ്പറുകളും നെസ്ലേ പരസ്യമാക്കിയിട്ടുണ്ട്. ഒരു പ്രമുഖ വിൽപ്പനക്കാരൻ വിതരണം ചെയ്ത ഒരു ചേരുവയിൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിച്ചതെന്ന് കമ്പനി അറിയിച്ചു.
മണ്ണിൽ സാധാരണയായി കാണപ്പെടുന്ന ഒരു സൂക്ഷ്മാണുവായ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ചില ഇനങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡ് ആണ് നെസ്‌ലേയുടെ ബേബി ഫോർമുല ഉത്പന്നങ്ങളിൽ കണ്ടെത്തിയതായി സൂചിപ്പിക്കപ്പെടുന്നത്. ഈ വിഷവസ്തു ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകുന്നതാണ്. പ്രധാനമായും യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ യൂറോപ്പിലുടനീളവും ലാറ്റിൻ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലും ഏഷ്യയിലെ ഹോങ്കോങ്ങിലും വിറ്റഴിച്ച ബേബി ഫോർമുലകളിലാണ് വിഷാംശം അടങ്ങിയിരിക്കാൻ സാധ്യതയുള്ളത് എന്നാണ് കമ്പനി വിശദീകരിക്കുന്നത്.











Discussion about this post