തണുപ്പുകാലം തുടങ്ങുന്നതോടെ ചർമ്മം വരളുന്നതിനൊപ്പം പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അമിതമായ മുടി കൊഴിച്ചിൽ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. അന്തരീക്ഷത്തിലെ ഈർപ്പമില്ലായ്മയും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണമെന്ന് ചർമ്മരോഗ വിദഗ്ധനായ ഡോ. അഭിഷേക് പിലാനി ചൂണ്ടിക്കാട്ടുന്നു.
എന്തുകൊണ്ട് ശൈത്യകാലത്ത് മുടി കൊഴിയുന്നു? ശൈത്യകാലത്തെ മുടി കൊഴിച്ചിലിന് പിന്നിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്:
അന്തരീക്ഷത്തിലെ മാറ്റങ്ങൾ: തണുപ്പുകാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം വളരെ കുറവായിരിക്കും. ഇത് തലയോട്ടി (Scalp) വരളുന്നതിനും മുടിവേരുകൾ ദുർബലമാകുന്നതിനും കാരണമാകുന്നു. കൂടാതെ, തണുപ്പിൽ ശരീരത്തിലെ രക്തചംക്രമണം പ്രധാന അവയവങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിനാൽ തലയോട്ടിയിലേക്കുള്ള രക്തപ്രവാഹം കുറയാനും ഇത് മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.
ജീവിതശൈലിയിലെ പാളിച്ചകൾ: അതിശൈത്യത്തിൽ ചൂടുവെള്ളത്തിലുള്ള കുളിയാണ് പലരുടെയും ശീലം. എന്നാൽ അമിതമായി ചൂടുവെള്ളം ഉപയോഗിക്കുന്നത് തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. മുടി ഉണക്കാൻ ഹെയർ ഡ്രയറുകളുടെ അമിത ഉപയോഗം, വെള്ളം കുടിക്കുന്നത് കുറയുന്നത് മൂലമുണ്ടാകുന്ന നിർജ്ജലീകരണം എന്നിവയും മുടി കൊഴിച്ചിലിന് ആക്കം കൂട്ടുന്നു.
ശൈത്യകാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ പരീക്ഷിക്കാവുന്നതാണ്:
മോയ്‌സ്ചറൈസിംഗ്: മുടിക്ക് ഈർപ്പം നൽകുന്ന ഹൈഡ്രേറ്റിംഗ് ഷാംപൂക്കളും കണ്ടീഷണറുകളും ഉപയോഗിക്കുക. ആഴ്ചയിലൊരിക്കൽ ഹെയർ മാസ്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
തലയോട്ടിയിലെ മസാജ്: വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ഉപയോഗിച്ച് പതിവായി തല മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കും.
ചൂടുവെള്ളം ഒഴിവാക്കുക: കുളിക്കാൻ ഇളം ചൂടുവെള്ളം മാത്രം ഉപയോഗിക്കുക.
പോഷകാഹാരം: ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ മത്സ്യം, അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ജലാംശം നിലനിർത്തുക: ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും.
ഹീറ്റ് സ്റ്റൈലിംഗ് കുറയ്ക്കുക: ഹെയർ ഡ്രയറുകൾ, സ്ട്രെയ്റ്റനറുകൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
നല്ല ഉറക്കവും വ്യായാമവും: സമ്മർദ്ദം കുറയ്ക്കുന്നതും നല്ല ഉറക്കം ലഭിക്കുന്നതും മുടി വളർച്ചാ ചക്രത്തെ ക്രമപ്പെടുത്തും.
മുടി കൊഴിച്ചിൽ അമിതമാവുകയും മുടി പൊഴിഞ്ഞ പാടുകൾ കാണപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണാൻ മടിക്കരുത്. ഇരുമ്പിന്റെ കുറവ് , വിറ്റാമിൻ ഡി അപര്യാപ്തത, അല്ലെങ്കിൽ താരൻ, എക്സിമ തുടങ്ങിയ പ്രശ്നങ്ങൾ ഇതിന് പിന്നിലുണ്ടാകാം. ശരിയായ രക്തപരിശോധനയിലൂടെ കാരണം കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാം.












Discussion about this post