വില കൂടിയ മരുന്നുകൾക്ക് മാത്രമേ ഗുണനിലവാരമുള്ളൂ എന്ന പൊതുധാരണ തെറ്റാണെന്ന് തെളിയിക്കുന്ന നിർണ്ണായക പഠനറിപ്പോർട്ട് പുറത്ത്. ലാബ് പരിശോധനകളിൽ ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമാണെന്നും അവയുടെ ഫലപ്രാപ്തിയിൽ യാതൊരു കുറവുമില്ലെന്നും പഠനം വ്യക്തമാക്കുന്നു. സന്നദ്ധ സംഘടനയായ മിഷൻ ഫോർ എത്തിക്‌സ് ആൻഡ് സയൻസ് ഇൻ ഹെൽത്ത് (MESH) നടത്തിയ ക്രൗഡ് ഫണ്ടഡ് ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.
ലാബ് പരിശോധനയിൽ വിജയിച്ച് ജനറിക് മരുന്നുകൾ
ക്ലിനീഷ്യൻ-സയന്റിസ്റ്റും മെഷ് പ്രസിഡന്റുമായ ഡോ. സിറിയക് എബി ഫിലിപ്‌സിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. കേന്ദ്ര സർക്കാരിന്റെയും യുഎസ് എഫ്ഡിഎയുടെയും അംഗീകാരമുള്ള ലാബിലായിരുന്നു പരിശോധന.പ്രമേഹം, ഹൃദ്രോഗം, അണുബാധ തുടങ്ങിയ 22 വിഭാഗങ്ങളിലായി 131 മരുന്നുകളാണ് പരിശോധിച്ചത്. ജൻ ഔഷധി സ്റ്റോറുകൾ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) വഴി ലഭിക്കുന്ന മരുന്നുകൾ, സ്വകാര്യ ഫാർമസികളിലെ ബ്രാൻഡഡ് മരുന്നുകളാണ് സാമ്പിളിനായി സ്വീകരിച്ചത്. ഒരു രൂപയുടെ മരുന്നും പത്തു രൂപയുടെ മരുന്നും ലാബ് പരിശോധനയിൽ ഒരേപോലെ മികച്ച ഫലം നൽകി. ഇൻഡ്യൻ ഫാർമക്കോപ്പിയ 2022 മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു പരിശോധന.ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് ജനറിക് മരുന്നുകൾക്ക് 5 മുതൽ 14 ഇരട്ടി വരെ വില കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
പ്രമേഹ മരുന്ന് (Metformin): ജൻ ഔഷധിയിൽ 10 എണ്ണത്തിന് 6.60 രൂപയുള്ളപ്പോൾ ബ്രാൻഡഡ് മരുന്നിന് 21.20 രൂപയാണ് വില.കാൽസ്യം സപ്ലിമെന്റുകൾ: ബ്രാൻഡഡ് കമ്പനികളുടേതിന് ജനറിക് മരുന്നുകളെക്കാൾ 14 ഇരട്ടി വരെ അധികം വിലയുണ്ട്. ജീവിതശൈലി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ജനറിക് മരുന്നുകളിലേക്ക് മാറിയാൽ പ്രതിവർഷം ശരാശരി 66,000 രൂപ വരെ ലാഭിക്കാൻ സാധിക്കുമെന്ന് ഡോ. എബി ഫിലിപ്‌സ് പറഞ്ഞു. ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് ഏകദേശം 82 ശതമാനം വരെ ചിലവ് കുറയ്ക്കാൻ ഇത് സഹായിക്കും.
വില കുറഞ്ഞ മരുന്നുകൾക്ക് വീര്യം കുറവായിരിക്കും എന്ന രോഗികളുടെ തെറ്റായ വിശ്വാസം മാറ്റുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. സർക്കാർ സൗജന്യമായി നൽകുന്ന മരുന്നുകളും ജൻ ഔഷധി മരുന്നുകളും പൂർണ്ണമായും വിശ്വസിച്ച് ഉപയോഗിക്കാമെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിലൂടെ ഒരാഴ്ചയ്ക്കുള്ളിൽ ആയിരത്തിലധികം ആളുകൾ ചേർന്ന് സമാഹരിച്ച 27 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ പഠനം പൂർത്തിയാക്കിയത്. ഗവേഷണ ഫലം വരും മാസങ്ങളിൽ പ്രമുഖ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിക്കും.












Discussion about this post