തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭരണവിരുദ്ധ വികാരം ഇല്ല എന്നും ഉണ്ടായിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി എന്നും റിയാസ് പറഞ്ഞു. എൽഡിഎഫിന് ഒരു ‘കോലു’വിന്റെയും സ്ട്രാറ്റജിയില്ലെന്നും ജനങ്ങളുടെ വിശ്വാസമാണ് വലുതെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുനിൽ കനഗോലുവിന്റെ സാന്നിധ്യം സൂചിപ്പിച്ച് റിയാസ് പറഞ്ഞു.
‘‘കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച സീറ്റുകളിൽ വിജയിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ ചെറിയ വോട്ടിന് പരാജയപ്പെട്ട സീറ്റുകളും ഇത്തവണ നേടും. വൈകിട്ട് 4:30ന് ആരംഭിച്ച് രാത്രി 7:30 നാണ് കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭാ യോഗം അവസാനിച്ചത്. ഓരോ ജില്ലയിലേയും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വികസന പ്രവർത്തനങ്ങൾ, പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയത് എന്നിവയാണ് ചർച്ച ചെയ്തത്. ഓരോ മന്ത്രിമാരും അവരുടെ അനുഭവങ്ങൾ ആദ്യം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ കണക്ക് പരിശോധിച്ചാൽ യുഡിഎഫിന് വലിയ ലീഡ് ഇല്ലാത്ത മണ്ഡലങ്ങൾ ഉൾപ്പെടെ പരിശോധന നടത്തിയപ്പോൾ 110 സീറ്റ് എൽഡിഎഫിന് വിജയിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ ഉണ്ടായതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
‘കോഴിക്കോട് ജില്ലയിൽ 13 ൽ 13 സീറ്റും എൽഡിഎഫിന് വിജയിക്കാനാകും. മണ്ഡലത്തിലെ സാധാരണ മനുഷ്യർ, വ്യാപാരികൾ കർഷകർ, യുവജനങ്ങൾ എന്നിവരുമായി സംവദിച്ചാണ് മുന്നോട്ടു പോകുന്നത്. എന്റെ തിരഞ്ഞെടുപ്പിന്റെ അനുഭവം വച്ച് സ്ട്രാറ്റജി ഈ ജനങ്ങളുമായി സംസാരിക്കുമ്പോൾ കിട്ടുന്നതാണ്. കനഗോലു അല്ല ഏതു ‘കോലു’ ആയാലും പൊതുജനങ്ങളുമായുള്ള ഇടപെടൽ ആണ് പ്രധാനം. കനഗോലു അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്യുന്നത്. കോൺഗ്രസിന്റെ ആദർശത്തിന്റെ ഭാഗമായാണോ കനഗോലു പ്രവർത്തിക്കുന്നത്? അയാളുടെ കഞ്ഞികുടി മുട്ടിക്കാൻ ഞാനില്ല’’. ‘‘ 156 കുടുംബ യോഗങ്ങളിലായി പതിമൂവായിരത്തിലധികം പേരെ ഞാൻ നേരിൽ കണ്ടു. ഒരിടത്തുപോലും ഭരണത്തെക്കുറിച്ചോ വികസനത്തെ കുറിച്ചോ വിമർശനം ഉയർന്നു വന്നിട്ടില്ല. സർക്കാർ ചെയ്ത കാര്യങ്ങളിൽ ജനങ്ങൾ സംതൃപ്തരാണ്. കേരളത്തിലെ ജനം ഓരോ തിരഞ്ഞെടുപ്പിലും ഓരോ രീതിയിലാണ് വോട്ട് ചെയ്യുക. ഓരോ തിരഞ്ഞെടുപ്പിലും ഓരോ വോട്ടിങ് പാറ്റേൺ ആണ്. നിയമസഭയിൽ ഇടതുപക്ഷത്തോട് എല്ലായ്പ്പോഴും ജനങ്ങൾ അനുകൂലമാണ്’’ – റിയാസ് പറഞ്ഞു.












Discussion about this post