പട്ന : ബിഹർ നിയമസഭാ തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ട് വമ്പൻ പരാജയം ഏറ്റുവാങ്ങിയ ജൻ സുരാജ് പാർട്ടി കൂടുതൽ നടപടികളിലേക്ക് നീങ്ങുന്നു. പ്രൊഫഷണൽ വിഭാഗത്തിലെ 1,000-ത്തിലധികം ജീവനക്കാരെ പാർട്ടി പിരിച്ചുവിട്ടു. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ 2025 നവംബറിൽ പുതുതായി രൂപീകരിച്ച രാഷ്ട്രീയപാർട്ടിയായിരുന്നു ജൻ സുരാജ് പാർട്ടി. ബീഹാർ തിരഞ്ഞെടുപ്പിൽ കന്നി അങ്കത്തിന് ഇറങ്ങിയ പാർട്ടിക്ക് വൻ തിരിച്ചടിയായിരുന്നു ലഭിച്ചിരുന്നത്.
പാർട്ടിയുടെ പ്രൊഫഷണൽ വിഭാഗമായ ജൻ സുരാജ് പ്രൊഫഷണൽ ടീം (ജെഎസ്പിടി) കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്, തിരഞ്ഞെടുപ്പിന് ഏകദേശം അഞ്ച് മുതൽ ആറ് മാസം വരെ മുമ്പാണ് രൂപീകരിച്ചത്. 243 നിയോജകമണ്ഡലങ്ങളിലും പ്രവർത്തിക്കുന്നതിനായി ആയിരക്കണക്കിന് പ്രൊഫഷണൽ ജീവനക്കാരെ നിയമിച്ചിരുന്നു. വോട്ടെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം നവംബർ, ഡിസംബർ മാസങ്ങളിൽ ആയി ഏകദേശം 1,300 ജീവനക്കാരെ ഇതുവരെ പാർട്ടി പിരിച്ചുവിട്ടിട്ടുണ്ട്.
“അവരെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി മാത്രമാണ് നിയമിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അവരെ പിരിച്ചുവിട്ടു” എന്ന് ജൻ സുരാജ് പാർട്ടി മീഡിയ ഇൻ-ചാർജ് ഒബൈദൂർ റഹ്മാൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വൈകാതെ തന്നെ ജൻ സുരാജ് പാർട്ടി പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള എല്ലാ സംഘടനാ യൂണിറ്റുകളും പിരിച്ചുവിട്ടിരുന്നു.









Discussion about this post