സ്വാതന്ത്ര്യാനന്തരം ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തെ എതിർത്ത ശക്തികൾ ഇന്നും സജീവമാണെന്നും അവരെ പരാജയപ്പെടുത്താൻ ഇന്ത്യ ജാഗ്രതയോടെയും ഐക്യത്തോടെയും കരുത്തോടെയും ഇരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമനാഥിൽ നടന്ന ‘സോമനാഥ് സ്വാഭിമാൻ പർവ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡി 1026-ൽ മഹ്മൂദ് ഗസ്നി സോമനാഥ് ക്ഷേത്രം ആക്രമിച്ചതിന്റെ ആയിരം വർഷങ്ങൾ തികയുന്ന വേളയിലാണ് പരിപാടി സംഘടിപ്പിച്ചത്. സോമനാഥിന്റെ ചരിത്രം നാശത്തിന്റേതല്ല, മറിച്ച് വിജയത്തിന്റെയും പുനരുജ്ജീവനത്തിന്റേതുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “മതഭ്രാന്തന്മാരായ അധിനിവേശക്കാർ ചരിത്രത്തിന്റെ താളുകളിലേക്ക് ഒതുങ്ങിപ്പോയി, എന്നാൽ സോമനാഥ് ക്ഷേത്രം ഇന്നും തലയുയർത്തി നിൽക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിന് ശേഷം സർദാർ വല്ലഭായ് പട്ടേൽ ക്ഷേത്ര നിർമ്മാണത്തിന് മുൻകൈ എടുത്തപ്പോൾ പലരും തടസ്സവാദങ്ങളുമായി രംഗത്തെത്തി. പ്രീണന രാഷ്ട്രീയത്തിൽ ഏർപ്പെട്ടവർ തീവ്രചിന്താഗതിക്കാർക്ക് മുന്നിൽ അന്ന് മുട്ടുമടക്കി. അത്തരം ശക്തികൾ ഇന്നും നമുക്കിടയിലുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
രാജ്യത്തിനെതിരെയുള്ള അതിക്രമങ്ങളുടെയും ഭീകരതയുടെയും യഥാർത്ഥ ചരിത്രം നമ്മിൽ നിന്ന് മറച്ചുവെക്കപ്പെട്ടു. ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം വെറും കൊള്ളയടിക്കാനുള്ള ശ്രമമായിരുന്നു എന്നാണ് നമ്മളെ പഠിപ്പിച്ചത്. നൂറ്റാണ്ടുകളായി പലതവണ തകർക്കാൻ ശ്രമിച്ചിട്ടും ഭാരതത്തിന്റെ ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി സോമനാഥ് നിലകൊള്ളുന്നു.
ഈ 1000 വർഷത്തെ പോരാട്ടത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല. ഇന്ത്യയെ നശിപ്പിക്കാൻ വിദേശ അധിനിവേശക്കാർ പലതവണ ശ്രമിച്ചു, എന്നാൽ 1000 വർഷങ്ങൾക്ക് ശേഷവും സോമനാഥിന്റെ പതാക വാനോളം ഉയർന്നുതന്നെ നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്താൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.













Discussion about this post