ഗുജറാത്തിന്റെ വികസനത്തിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. രാജ്കോട്ടിൽ നടന്ന ‘വൈബ്രന്റ് ഗുജറാത്ത് റീജിയണൽ കോൺഫറൻസിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തിയ അദ്ദേഹം, ആഗോള പ്രതിസന്ധികൾക്കിടയിൽ ഇന്ത്യയെ സംരക്ഷിക്കുന്ന ‘അജയ്യമായ പ്രതിരോധ മതിൽ’ ആണ് മോദിയെന്ന് വിശേഷിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽ 3.5 ലക്ഷം കോടി രൂപയാണ് റിലയൻസ് നിക്ഷേപിച്ചത്. ഇത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 7 ലക്ഷം കോടി രൂപയായി ഉയർത്തുമെന്നാണ് അംബാനിയുടെ വാഗ്ദാനം. ഗുജറാത്തിനെ ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി മാറ്റും. ഇതിന്റെ ഭാഗമായി ജാംനഗറിൽ ഇന്ത്യയിലെ ഏറ്റവും വലിയ ‘AI റെഡി ഡാറ്റാ സെന്റർ’ റിലയൻസ് നിർമ്മിക്കും.
ആഗോളതലത്തിൽ സാമ്പത്തിക അസ്ഥിരത നിലനിൽക്കുമ്പോഴും ഇന്ത്യ സുരക്ഷിതമായിരിക്കുന്നത് പ്രധാനമന്ത്രിയുടെ കരുത്തുറ്റ നേതൃത്വം കാരണമാണെന്ന് അംബാനി ചൂണ്ടിക്കാട്ടി. ഗുജറാത്തിനെ ഒരു ആഗോള ഗ്രീൻ എനർജി കേന്ദ്രമായും ഡിജിറ്റൽ ഹബ്ബായും മാറ്റാനുള്ള റിലയൻസിന്റെ ശ്രമങ്ങൾ വരും വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണ്ണായകമാകും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നത്തെപ്പോലെ ഇത്രയധികം പ്രതീക്ഷയും ആത്മവിശ്വാസവും ഊർജ്ജസ്വലതയും രാജ്യം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് അംബാനി പറഞ്ഞു. അടുത്ത 50 വർഷത്തേക്കുള്ള ഇന്ത്യയുടെ പാത പ്രധാനമന്ത്രി പുനർനിർമ്മിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ വെറും ‘സാധ്യത’ എന്ന നിലയിൽ നിന്ന് ‘മികച്ച പ്രകടനം’ കാഴ്ചവെക്കുന്ന രാജ്യമായി മാറിയത് മോദി യുഗത്തിലാണെന്ന് അംബാനി വിശേഷിപ്പിച്ചു. ഇന്ത്യ ഇപ്പോൾ മറ്റുള്ളവരെ പിന്തുടരുന്നവരല്ല, മറിച്ച് ലോകത്തെ നയിക്കുന്ന ആഗോള ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയെ അത് ബാധിക്കാത്തത് നരേന്ദ്ര മോദി എന്ന ‘അജയ്യമായ പ്രതിരോധ മതിൽ’ രാജ്യത്തിന് കാവലുള്ളതുകൊണ്ടാണെന്ന് അംബാനി പറഞ്ഞു.











Discussion about this post