സോമനാഥ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണങ്ങൾ വെറും സാമ്പത്തിക കൊള്ളയായിരുന്നില്ലെന്നും, മറിച്ച് ഇന്ത്യയുടെ സാംസ്കാരിക അസ്തിത്വത്തിന് നേരെ നടന്ന കടന്നാക്രമണമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹ്മൂദ് ഗസ്നിയുടെ സോമനാഥ ആക്രമണത്തിന്റെ ആയിരം വർഷം തികയുന്ന വേളയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി ചരിത്രപരമായ നിരീക്ഷണങ്ങൾ നടത്തിയത്. ക്ഷേത്രപുനർനിർമ്മാണത്തെ എതിർത്ത ശക്തികൾ ഇന്നും സജീവമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആക്രമണങ്ങൾ വെറും പണം കവർച്ച ചെയ്യാനുള്ള നീക്കമായിരുന്നെങ്കിൽ ആയിരം വർഷം മുമ്പത്തെ ആദ്യ കൊള്ളയോടെ അത് അവസാനിക്കണമായിരുന്നു. എന്നാൽ ക്ഷേത്രം വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ടു, വിഗ്രഹങ്ങൾ ഉടയ്ക്കപ്പെട്ടു. ഇത് ഇന്ത്യയുടെ ആത്മവിശ്വാസം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമായിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്തെ ചില ചരിത്രകാരന്മാരും രാഷ്ട്രീയ നേതാക്കളും വിദേശാക്രമണങ്ങളെ വെറും ‘സാധാരണ കൊള്ള’യായി അവതരിപ്പിച്ച് ചരിത്രത്തെ വെള്ളപൂശാൻ ശ്രമിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. ഇത് വരും തലമുറകളെ ഇന്ത്യയുടെ പോരാട്ടവീര്യത്തിൽ നിന്നും ത്യാഗങ്ങളിൽ നിന്നും അകറ്റാൻ കാരണമായി.
“സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തെ എതിർത്ത അതേ ശക്തികൾ ഇന്നും രാജ്യത്ത് സജീവമാണ്. പണ്ട് വാളുകൾ ഉപയോഗിച്ചാണ് അവർ ആക്രമിച്ചതെങ്കിൽ ഇന്ന് മറ്റു ദുഷ്ടലാക്കുകളോടെയുള്ള മാർഗ്ഗങ്ങളിലൂടെയാണ് അവർ പ്രവർത്തിക്കുന്നത്. സോമനാഥ സ്വാഭിമാന പർവ് എന്നത് തകർച്ചയുടെ ഓർമ്മപ്പെടുത്തലല്ല, മറിച്ച് ഇന്ത്യയുടെ നിലനിൽപ്പിന്റെയും അഭിമാനത്തിന്റെയും ആയിരം വർഷത്തെ പ്രയാണത്തിന്റെ ആഘോഷമാണ്.” പ്രധാനമന്ത്രി പറഞ്ഞു.
സോമനാഥ ക്ഷേത്രം തകർക്കപ്പെട്ടതും പിന്നീട് വീണ്ടും ഉയർത്തെഴുന്നേറ്റതും ഭാരതത്തിന്റെ ആത്മബലത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം അടിവരയിട്ടു.












Discussion about this post