ന്യൂഡൽഹി: വ്യാപാര-പ്രതിരോധ മേഖലകളിലെ തർക്കങ്ങൾ മൂലം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ കുറച്ചുനാളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഊർജ്ജിത ശ്രമം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഫോണിൽ സംസാരിച്ചു. വ്യാപാരം, പ്രതിരോധം, സുരക്ഷാ സഹകരണം തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഫെബ്രുവരിയിൽ ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്ന ചർച്ച അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിലെ അനിശ്ചിതത്വം നീക്കാൻ ഇരുവരും ധാരണയിലെത്തി.
നിർണ്ണായക ധാതുക്കൾ സാങ്കേതിക വിദ്യയ്ക്കും ഊർജ്ജ മേഖലയ്ക്കും അത്യാവശ്യമായ ധാതുക്കളുടെ വിതരണത്തിൽ സഹകരിക്കാൻ തീരുമാനിച്ചു. പ്രതിരോധം, ആണവ സഹകരണം: പ്രതിരോധ മേഖലയിലെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ഊർജ്ജ-ആണവ സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടന്നു.
“വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി മികച്ച രീതിയിൽ സംസാരിച്ചു. വ്യാപാരം, പ്രതിരോധം, ഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. വരും ദിവസങ്ങളിലും ആശയവിനിമയം തുടരാൻ തീരുമാനിച്ചിട്ടുണ്ട്,” ജയശങ്കർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.
സെമി കണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ മേഖലകളിൽ സുരക്ഷിതമായ വിതരണ ശൃംഖല ഉറപ്പാക്കാനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള ‘പാക്സ് സിലിക്ക’ എന്ന പദ്ധതിയോടൊപ്പം ചേരാൻ ഇന്ത്യയെ ക്ഷണിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ സൂചന നൽകിയിരുന്നു.
റഷ്യൻ എനർജി വാങ്ങിയതിനും മറ്റുമായുള്ള അമേരിക്കൻ താരിഫ് നിയന്ത്രണങ്ങളും പാകിസ്താനുമായുള്ള ട്രംപ് ഭരണകൂടത്തിൻ്റെ അടുപ്പവും ഇന്ത്യ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. എന്നാൽ, പുതിയ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വീണ്ടെടുക്കുന്നതിൻ്റെ ശുഭസൂചനയായി വിലയിരുത്തപ്പെടുന്നു.













Discussion about this post