തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ 56 ദിവസങ്ങളായി നീണ്ടുനിന്ന മുറജപത്തിന് ഇന്ന് സമാപനം ആവുകയാണ്. ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് ലക്ഷദീപം തെളിയിക്കും. ആറുവർഷത്തിലൊരിക്കൽ വരുന്ന അപൂർവ ദൃശ്യവിരുന്നിനായി കാത്തിരിക്കുകയാണ് തിരുവനന്തപുരം.
ഇന്ന് വൈകിട്ട് ആറരയോടെ നിലവിളക്കിൽ ആദ്യ ദീപം തെളിയിച്ചുകൊണ്ട് ലക്ഷദീപത്തിന് തുടക്കമാകും. തുടർന്ന്, ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ക്ഷേത്രത്തിനുൾവശം, മതിലകത്തിനു പുറത്തെ ചുമരുകൾ എന്നിങ്ങനെ ലക്ഷം ദീപങ്ങൾ തെളിയിക്കും. ക്ഷേത്രം പ്രഭാപൂരിതമാകും. രാത്രി എട്ടരയോടെ ശീവേലി ആരംഭിക്കും. വൈകിട്ട് 4.30 മുതൽ 6.30 വരെയാണ് ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിപ്പിക്കുക.
കഴിഞ്ഞ നവംബർ 20-ന് ആരംഭിച്ച മുറജപത്തിന് സമാപനം കുറിച്ചാണ് ഇന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം നടക്കുന്നത്. പ്രസിദ്ധമായ പൊന്നും ശീവേലിക്കായി സ്വർണ്ണ ഗരുഡ വാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും വെള്ളി ഗരുഡ വാഹനങ്ങളിൽ നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരെയും എഴുന്നള്ളിക്കും. രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അനുഗമിക്കും. മതിലകത്ത് എണ്ണ വിളക്കുകളും ക്ഷേത്രത്തിന് പുറത്ത് വൈദ്യുത വിളക്കുകളും തെളിയിച്ചുകൊണ്ട് തിരുവനന്തപുരത്തിന് അപൂർവ്വ കാഴ്ചവിരുന്ന് ഒരുക്കുകയാണ് ഇന്ന് പത്മനാഭസ്വാമി ക്ഷേത്രം.









Discussion about this post