ലണ്ടന്റെ ഹൃദയഭാഗത്ത് ചൈന നിർമ്മിക്കാൻ ഒരുങ്ങുന്ന ബൃഹത്തായ ‘മെഗാ എംബസി’ പദ്ധതിക്കെതിരെ ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിഷേധം കത്തുന്നു. ലണ്ടനിലെ നിർണ്ണായക സാമ്പത്തിക-വാർത്താവിനിമയ കേന്ദ്രങ്ങൾക്ക് തൊട്ടടുത്ത് ചൈനീസ് ചാരകേന്ദ്രം ഉയരുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഭരണകക്ഷിയായ ലേബർ പാർട്ടിയിലെ തന്നെ മുതിർന്ന എംപിമാർ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ചൈന സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ലണ്ടനിലെ റോയൽ മിന്റ് കോർട്ടിൽ ചൈനീസ് എംബസി സ്ഥാപിക്കാനുള്ള വിവാദ പദ്ധതിക്ക് അനുമതി നൽകാൻ നീക്കം നടക്കുന്നത്. ലണ്ടനിലെ സാമ്പത്തിക സിരയായ ‘സിറ്റി ഓഫ് ലണ്ടനിലേക്കും’ കാനറി വാർഫിലേക്കും വിവരങ്ങൾ എത്തിക്കുന്ന ഫൈബർ ഒപ്റ്റിക് കേബിളുകൾക്ക് തൊട്ടടുത്താണ് ഈ സൈറ്റ് സ്ഥിതി ചെയ്യുന്നത്.
ബ്രിട്ടീഷ് മാധ്യമമായ ‘ദ ഡെയ്‌ലി ടെലിഗ്രാഫ്’ പുറത്തുവിട്ട എംബസിയുടെ കെട്ടിട പ്ലാനുകൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്.കേബിളുകൾ കടന്നുപോകുന്ന ഭാഗത്തോട് ചേർന്ന് പ്ലാനുകളിൽ മറച്ചുവെച്ച നിലയിലുള്ള ഭൂഗർഭ അറകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ബ്രിട്ടന്റെ സാമ്പത്തിക വിവരങ്ങൾ ചോർത്താനുള്ള ‘Launchpad’ ആയി ചൈന ഉപയോഗിക്കുമെന്ന് എംപിമാർ ആരോപിക്കുന്നു. ഈ കേബിളുകളിലൂടെയാണ് ദശലക്ഷക്കണക്കിന് ആളുകളുടെ ഇന്റർനെറ്റ് ട്രാഫിക്കും സാമ്പത്തിക ഇടപാടുകളും നടക്കുന്നത്. എംബസിക്ക് ലഭിക്കുന്ന നയതന്ത്ര പരിരക്ഷ (Diplomatic Immunity) ഉപയോഗിച്ച് ചൈനയ്ക്ക് ഇവിടെ എളുപ്പത്തിൽ ചാരപ്പണി നടത്താം.
സ്വന്തം പാർട്ടിക്കാരനായ പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ ലേബർ എംപി സാറ ചാമ്പ്യൻ തന്നെ രംഗത്തെത്തി.”എനിക്ക് ലഭിച്ച എല്ലാ സുരക്ഷാ റിപ്പോർട്ടുകളും ചൈനയെ ഒരു ശത്രുരാജ്യമായാണ് അടയാളപ്പെടുത്തുന്നത്. ഹോങ്കോങ്ങിലും തായ്‌വാനിലും ഭീകരത സൃഷ്ടിക്കുന്ന ചൈനയെ ലണ്ടന്റെ ഹൃദയഭാഗത്ത് ഇത്തരമൊരു പദ്ധതിക്ക് അനുവദിക്കരുത്. നമ്മൾ ഭീഷണികൾക്ക് വഴങ്ങുകയല്ല, അവരെ നിലയ്ക്കുനിർത്തുകയാണ് വേണ്ടത്.” – സാറ ചാമ്പ്യൻ പാർലമെന്റിൽ പറഞ്ഞു.
ബ്രിട്ടന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. സാമ്പത്തിക മാന്ദ്യത്തിനിടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് സ്റ്റാർമർ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ സാമ്പത്തിക ലാഭത്തിന് വേണ്ടി രാജ്യത്തിന്റെ സുരക്ഷ പണയപ്പെടുത്തുന്നത് ‘ഭ്രാന്തൻ നടപടി’ ആണെന്ന് പ്രതിപക്ഷ കൺസർവേറ്റീവ് എംപിമാർ കുറ്റപ്പെടുത്തി.












Discussion about this post