ഇറാനിൽ ആയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ചോരപ്പുഴയായി മാറുന്നു. സ്വന്തം രാജ്യത്തെ സൈനികർ ജനങ്ങൾക്ക് നേരെ വെടിയുതിർക്കാൻ വിസമ്മതിച്ചതോടെ, പ്രക്ഷോഭകരെ അടിച്ചമർത്താൻ ഖമേനി വിദേശ കൂലിപ്പടയെ ഇറക്കിയതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ഹിസ്ബുള്ള, ഹഷ്ദ് അൽ ഷാബി തുടങ്ങിയ അറബി സംസാരിക്കുന്ന ഷിയാ സായുധ സംഘങ്ങൾ ‘തീർത്ഥാടകർ’ എന്ന വ്യാജേന ഇറാനിലേക്ക് കടന്നതായി ഇറാഖി അതിർത്തി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇറാനിലെ മുപ്പത്തിയൊന്ന് പ്രവിശ്യകളിലും പടർന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,600 കടന്നു. ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് മരണസംഖ്യ 12,000 വരെയാകാം. പ്രക്ഷോഭകരെ വെടിവെക്കാൻ വിസമ്മതിച്ച ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഭരണകൂടം തടവിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പകരമായാണ് ഇറാഖിൽ നിന്നും സിറിയയിൽ നിന്നും അറബി സംസാരിക്കുന്ന സായുധ സംഘങ്ങളെ ഖമേനി ഇറാനിലെ തെരുവുകളിൽ വിന്യസിച്ചിരിക്കുന്നത്.
തീർത്ഥാടക വേഷത്തിൽ എത്തിയ ഭീകരർ
ഇറാഖ്-ഇറാൻ അതിർത്തിയായ ശലഞ്ചെ വഴി ജനുവരി 11 വരെ അറുപതോളം ബസ്സുകൾ ഇറാനിലേക്ക് കടന്നതായി അതിർത്തി ഉദ്യോഗസ്ഥനായ അലി ഡി. വെളിപ്പെടുത്തി. സാധാരണ തീർത്ഥാടക ബസ്സുകളിൽ കുടുംബങ്ങളും വയോധികരും ഉണ്ടാകാറുണ്ട്. എന്നാൽ ഈ ബസ്സുകളിൽ ഒരേപോലെയുള്ള കറുത്ത ടി-ഷർട്ടുകൾ ധരിച്ച യുവാക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിലേക്കെന്ന വ്യാജേന എത്തിയ ഇവർ അഹ്‌വാസിലെ സൈനിക താവളങ്ങളിലാണ് തങ്ങുന്നത്. അവിടെ നിന്ന് ഇവരെ വിവിധ പ്രവിശ്യകളിലേക്ക് വിന്യസിക്കുന്നു. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ സംരക്ഷിക്കാൻ എന്ന പേരിൽ എത്തുന്ന ഇവർക്ക് പ്രതിമാസം 600 ഡോളറാണ് (ഏകദേശം 50,000 രൂപ) പ്രതിഫലമായി നൽകുന്നത്.
ഹഷ്ദ് അൽ ഷാബിയും ഹിസ്ബുള്ളയും തെരുവിൽ
ഇറാനിലെ ദെസ്ഫുൾ നഗരം ഹഷ്ദ് അൽ ഷാബി ഭീകരരുടെ വളയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. പേർഷ്യൻ ഭാഷ അറിയാത്ത, അറബി മാത്രം സംസാരിക്കുന്ന ഈ ഭീകരർ പ്രക്ഷോഭകർക്ക് നേരെ യാതൊരു ദയയുമില്ലാതെ വെടിയുതിർക്കുന്നു. വീടുകളുടെ മുകളിൽ നിലയുറപ്പിച്ച സ്നൈപ്പർമാർ പ്രായഭേദമന്യേ ആളുകളെ കൊന്നൊടുക്കുകയാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പ്രക്ഷോഭകരെ കൊന്നൊടുക്കാൻ വിസമ്മതിക്കുന്ന ഇറാനിയൻ സൈനികരെ ഭരണകൂടം അറസ്റ്റ് ചെയ്യുന്നതായും കുർദിഷ് മനുഷ്യാവകാശ സംഘടനയായ ഹെംഗാവ റിപ്പോർട്ട് ചെയ്തു.
വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഇറാൻ സർക്കാർ ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിച്ചു. ഇതിനെ മറികടക്കാൻ ജനങ്ങൾ ഉപയോഗിച്ച സ്റ്റാർലിങ്ക് സംവിധാനങ്ങൾ റഷ്യൻ, ചൈനീസ് നിർമ്മിത ജാമറുകൾ ഉപയോഗിച്ച് ഭരണകൂടം തകർക്കുകയാണ്. വീടുകളിൽ കയറി സ്റ്റാർലിങ്ക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഉപയോക്താക്കളെ ശിക്ഷിക്കാനും മിലിഷ്യകളെ നിയോഗിച്ചിട്ടുണ്ട്.
ഇറാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. “സ്വന്തം ജനതയെ കൊന്നൊടുക്കാൻ വിദേശ ഭീകരരെ ഉപയോഗിക്കുന്നത് ഖമേനി ഭരണകൂടത്തിന്റെ അന്ത്യം കുറിക്കും” എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇറാനിയൻ ജനതയെ സഹായിക്കാൻ അമേരിക്കൻ സൈന്യം തയ്യാറാണെന്നും ട്രംപ് ആവർത്തിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങളെ അടിച്ചമർത്താൻ വിദേശ തോക്കുധാരികളെ ഇറക്കുമതി ചെയ്യുന്നതിലൂടെ ഖമേനി ഭരണകൂടത്തിന്റെ ജനകീയ അടിത്തറ പൂർണ്ണമായും തകർന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പേർഷ്യൻ മണ്ണിൽ അറബി സംസാരിക്കുന്ന കൂലിപ്പടയാളികൾ നടത്തുന്ന വേട്ടയാടൽ ഇറാനിൽ ഒരു ആഭ്യന്തര യുദ്ധത്തിനുള്ള സാധ്യതയാണ് വർദ്ധിപ്പിക്കുന്നത്.













Discussion about this post