സിംഹാസനത്തിന്റെ തിളക്കത്തിൽ ജനിച്ച്, ഒടുവിൽ പ്രവാസത്തിന്റെ ഏകാന്തതയിൽ ലണ്ടനിലെ ഒരു ഹോട്ടൽ മുറിയിൽ അന്ത്യശ്വാസം വലിച്ച ഇറാനിയൻ രാജകുമാരി ലെെല പഹ്‌ലവിയുടെ ജീവിതം നോവുന്ന ഓർമ്മയാകുന്നു. ഇറാന്റെ അവസാനത്തെ ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെയും ഫറ പഹ്‌ലവിയുടെയും ഇളയ മകളായ ലെെലയുടെ ജീവിതം, ഒരു രാജവംശത്തിന്റെ തകർച്ചയുടെയും അഭയാർത്ഥിയായി മാറേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കണ്ണീരിൻ്റെയും കഥയാണ്.
1970 മാർച്ചിൽ ഇറാനിലെ രാജകൊട്ടാരത്തിൽ ജനിച്ച ലെെലയ്ക്ക് ഒൻപത് വയസ്സുള്ളപ്പോഴാണ് 1979-ലെ ഇസ്ലാമിക വിപ്ലവം ഇറാന്റെ വിധി മാറ്റിയെഴുതുന്നത്. ഷാ ഭരണകൂടം തകർന്നതോടെ കൊട്ടാരത്തിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ലെെലയ്ക്കും കുടുംബത്തിനും അന്യനാടുകളിലേക്ക് പലായനം ചെയ്യേണ്ടി വന്നു.വിപ്ലവത്തെത്തുടർന്ന് ഈജിപ്ത്, മൊറോക്കോ, ബഹാമാസ്, മെക്സിക്കോ തുടങ്ങി പല രാജ്യങ്ങളിൽ ഇവർക്ക് അഭയം തേടേണ്ടി വന്നു. ഒടുവിൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും ലെെലയുടെ ജീവിതം സമാധാനപരമായിരുന്നില്ല.
പ്രവാസത്തിന്റെ ഒന്നാം വർഷം തന്നെ പിതാവ് ഷാ മുഹമ്മദ് റെസ പഹ്‌ലവി ഈജിപ്തിൽ വെച്ച് അന്തരിച്ചു. ഇത് ലെെലയെ മാനസികമായി തകർത്തു.
രാജകുമാരി എന്ന സ്വത്വവും പ്രവാസത്തിലെ സാധാരണ ജീവിതവും തമ്മിൽ പൊരുത്തപ്പെടാൻ അവൾക്ക് സാധിച്ചില്ല. ഇറാന്റെ സംസ്കാരത്തെ സ്നേഹിച്ച ലെെലയ്ക്ക് തന്റെ ജന്മനാട്ടിലേക്ക് തിരികെ പോകാൻ കഴിയാത്തത് തീരാവേദനയായി.മുതിർന്നപ്പോൾ ലെെല ഗുരുതരമായ വിഷാദരോഗത്തിനും അനോറെക്സിയ (ഭക്ഷണത്തോടുള്ള വിരക്തി) പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഇരയായി.
വിട്ടുമാറാത്ത തളർച്ചയും ഉറക്കമില്ലായ്മയും ലെെലയെ അലട്ടിയിരുന്നു. ഉറക്ക ഗുളികകളെ അമിതമായി ആശ്രയിക്കേണ്ടി വന്നത് അവളുടെ ആരോഗ്യത്തെ വീണ്ടും തകർത്തു.പാരിസിൽ മോഡലിംഗ് രംഗത്ത് ലെെലസജീവമായിരുന്നുവെങ്കിലും, പ്രശസ്തിയിൽ നിന്ന് അവൾ എപ്പോഴും ഉൾവലിഞ്ഞു നിന്നു.
2001 ജൂൺ 10-ന് ലണ്ടനിലെ ലിയോനാർഡ് ഹോട്ടലിൽ 31-ാം വയസ്സിൽ ലെെലയെ മരിച്ച നിലയിൽ കണ്ടെത്തി. ഉറക്ക ഗുളികകൾ അമിതമായി ഉള്ളിൽ ചെന്നായിരുന്നു മരണം. ഇത് ആത്മഹത്യയാണെന്നാണ് കരുതപ്പെടുന്നത്. പാരിസിലെ ശ്മശാനത്തിൽ ലെെലയെ അടക്കം ചെയ്തു. വർഷങ്ങൾക്ക് ശേഷം 2011-ൽ ലെെലയുടെ സഹോദരൻ അലി റെസ പഹ്‌ലവിയും വിഷാദരോഗത്തെത്തുടർന്ന് അമേരിക്കയിൽ ആത്മഹത്യ ചെയ്തു. ഇറാന്റെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മകൾ ബാക്കിയാക്കി ലെെല പഹ്‌ലവി വിടവാങ്ങിയെങ്കിലും, വിപ്ലവത്തിന് ശേഷം രാജ്യം നേരിട്ട മാറ്റങ്ങളും പഹ്‌ലവി കുടുംബത്തിന്റെ ദുരന്തവും ഇന്നും ചർച്ചയാകുന്നു.













Discussion about this post