മരണമില്ലാത്ത ജീവിതം ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. എന്നാൽ ശരീരം നശിച്ചാലും നിങ്ങളുടെ കഥകൾ പ്രപഞ്ചത്തിന്റെ അറ്റത്തോളം അനശ്വരമായി നിലനിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലോകസമ്പന്നനും ടെക് ഭീമനുമായ ഇലോൺ മസ്ക്. തന്റെ എഐ അധിഷ്ഠിത എൻസൈക്ലോപീഡിയയായ ‘ഗ്രോക്കിപീഡിയ’ വഴി ആർക്കും ഈ ‘അമരത്വം’ സ്വന്തമാക്കാമെന്നാണ് മസ്കിന്റെ പുതിയ വെളിപ്പെടുത്തൽ. മനുഷ്യന്റെ ജീവിതകഥകൾ ബഹിരാകാശത്ത് സംരക്ഷിക്കപ്പെടുന്നതിലൂടെ വരുംതലമുറകൾക്കോ അന്യഗ്രഹ ജീവികൾക്കോ പോലും അത് ലഭ്യമാകും. ഇതാണ് മസ്ക് വിഭാവനം ചെയ്യുന്ന അമരത്വം.
എന്താണ് മസ്കിന്റെ ഈ ‘അമരത്വ’ രഹസ്യം?
എക്സിൽ (X) നടന്ന ഒരു ചർച്ചയ്ക്കിടെയാണ് മസ്ക് ഈ വിപ്ലവകരമായ ആശയം പങ്കുവെച്ചത്. ഗ്രോക്കിപീഡിയയിൽ നിങ്ങളുടെ ജീവിതചരിത്രം (Biography) രേഖപ്പെടുത്തുക എന്നതാണ് ആദ്യപടി. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ജീവചരിത്രത്തിന്റെ കോപ്പികൾ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ അല്ലെങ്കിൽ അതിനപ്പുറമുള്ള ആഴക്കടൽ ബഹിരാകാശത്തേക്കോ അയക്കും. ‘അമരത്വം ഇനി നിങ്ങളുടേതാകാം” എന്നായിരുന്നു മസ്കിന്റെ മറുപടി. ഭൂമിയിൽ മനുഷ്യവംശത്തിന് എന്തെങ്കിലും വിപത്ത് സംഭവിച്ചാൽ പോലും മനുഷ്യന്റെ അറിവുകളും വ്യക്തികളുടെ ചരിത്രവും ബഹിരാകാശത്ത് സുരക്ഷിതമായിരിക്കുമെന്ന് മസ്ക് ഉറപ്പുനൽകുന്നു.
ഐസക് അസിമോവിന്റെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്
പ്രശസ്ത സയൻസ് ഫിക്ഷൻ എഴുത്തുകാരൻ ഐസക് അസിമോവിന്റെ ‘ഫൗണ്ടേഷൻ’ പരമ്പരയിലെ ‘എൻസൈക്ലോപീഡിയ ഗാലക്റ്റിക്ക’ എന്ന ആശയത്തിൽ നിന്നാണ് മസ്ക് ഇതിന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഗ്രോക്കിപീഡിയ കൂടുതൽ കരുത്താർജ്ജിക്കുമ്പോൾ ഇതിന്റെ പേര് ‘എൻസൈക്ലോപീഡിയ ഗാലക്റ്റിക്ക’ എന്നാക്കി മാറ്റും.അറിവുകൾ വെറുമൊരു ഡിജിറ്റൽ ഫയലായല്ല, മറിച്ച് കാലങ്ങളെ അതിജീവിക്കുന്ന രീതിയിൽ ലോഹഫലകങ്ങളിൽ ആലേഖനം ചെയ്താകും ബഹിരാകാശത്തേക്ക് അയക്കുക. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം മറ്റൊരു നാഗരികതയ്ക്ക് നമ്മുടെ കഥകൾ വായിക്കാൻ ഇതിലൂടെ സാധിക്കും.
വിക്കിപീഡിയയ്ക്ക് ബദലായി ഗ്രോക്കിപീഡിയ
ഇടതുപക്ഷ ചായ്‌വുണ്ടെന്ന് മസ്ക് ആരോപിക്കുന്ന വിക്കിപീഡിയയ്ക്ക് ബദലായാണ് xAI ഗ്രോക്കിപീഡിയ വികസിപ്പിച്ചത്. 2025 ഒക്ടോബറിൽ പുറത്തിറങ്ങിയ ഈ പ്ലാറ്റ്‌ഫോം പൂർണ്ണമായും എഐ (AI) ഉപയോഗിച്ചാണ് വിവരങ്ങൾ ക്രോഡീകരിക്കുന്നത്. മനുഷ്യർക്ക് നേരിട്ട് തിരുത്തലുകൾ വരുത്താൻ സാധിക്കില്ലെങ്കിലും വിവരങ്ങൾ നിർദ്ദേശിക്കാൻ സാധിക്കും. ലക്ഷക്കണക്കിന് ലേഖനങ്ങളുമായി അതിവേഗം വളരുന്ന ഗ്രോക്കിപീഡിയ, സത്യസന്ധമായ വിവരങ്ങൾ പ്രപഞ്ചത്തിന്റെ അറ്റത്തോളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ നടക്കാനിരിക്കുന്ന സ്പേസ് എക്സ് ദൗത്യങ്ങളിൽ ഗ്രോക്കിപീഡിയയുടെ ഭാഗങ്ങൾ ബഹിരാകാശത്തേക്ക് അയച്ചുതുടങ്ങുമെന്നാണ് സൂചന.












Discussion about this post