ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികളുടെ വികാരമായ ‘രാമായണം’ വെള്ളിത്തിരയിൽ വിസ്മയമാകാൻ ഒരുങ്ങുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ഇതിഹാസ ചിത്രത്തിന് വേണ്ടി സംഗീത മാന്ത്രികൻ എആർ റഹ്മാനും ഹോളിവുഡ് ഇതിഹാസം ഹാൻസ് സിമ്മറും ഒന്നിക്കുന്ന വാർത്ത ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തിരിക്കുന്നത്.
അടുത്തിടെ ബിബിസി ഏഷ്യൻ നെറ്റവർക്കിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശ്വാസങ്ങളും ഈ പ്രോജക്റ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് റഹ്മാൻ തുറന്നു സംസാരിച്ചു. “ഞാൻ പഠിച്ചത് ഒരു ബ്രാഹ്മണ വിദ്യാലയത്തിലാണ്. ഓരോ വർഷവും അവിടെ രാമായണവും മഹാഭാരതവും പഠിക്കാനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കഥകൾ എനിക്ക് മനഃപാഠമാണ്,” റഹ്മാൻ പറഞ്ഞു. ഉയർന്ന ചിന്താഗതിയും നിസ്വാർത്ഥതയും ഉയർത്തിപ്പിടിക്കുന്ന രാമായണം വെറുമൊരു കഥയല്ല, മറിച്ച് ഭാരതത്തിന്റെ ആത്മാവാണെന്ന് അദ്ദേഹം അടിവരയിട്ടു.
ഹോളിവുഡിലെ പ്രശസ്തനായ ജൂത വംശജൻ ഹാൻസ് സിമ്മറും മുസ്ലീം മതവിശ്വാസിയായ എആർ റഹ്മാനും ചേർന്ന് ഹൈന്ദവ പുരാണമായ രാമായണത്തിന് സംഗീതം ഒരുക്കുന്നത് മാനവികതയുടെയും കലയുടെയും വലിയ ഉദാഹരണമാണെന്ന് റഹ്മാൻ ചൂണ്ടിക്കാട്ടി. “ഇതൊരു ഭാരതീയ സംരംഭമാണ്, ഭാരതത്തിൽ നിന്ന് ലോകത്തിന് മുന്നിലേക്ക് ഞങ്ങൾ സ്നേഹത്തോടെ സമർപ്പിക്കുന്ന ഒന്ന്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാൻസ് സിമ്മർ ഒരുക്കിയ സൗണ്ട്സ്കേപ്പിൽ റഹ്മാൻ സംസ്കൃത ശ്ലോകങ്ങൾ കൂട്ടിച്ചേർത്ത് മനോഹരമാക്കുന്നു, പ്രശസ്ത കവിയും രാമായണ പണ്ഡിതനുമായ ഡോ. കുമാർ വിശ്വാസാണ് വരികൾ ഒരുക്കുന്നത്. രാമായണത്തെക്കുറിച്ച് നിലവിലുള്ള പതിവ് സങ്കൽപ്പങ്ങളിൽ നിന്ന് മാറി ഒരു നവീന അനുഭവം ലോകത്തിന് നൽകാനുള്ള ശ്രമത്തിലാണ് ഇരുവരും.
രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും എത്തുന്ന ചിത്രത്തിൽ രാവണനായി കന്നഡ സൂപ്പർ താരം യഷാണ് വേഷമിടുന്നത്. സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്ക് പുറത്തിറങ്ങും.











Discussion about this post