ഇന്ത്യയുമായുള്ള വ്യാപാര-നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നത് അമേരിക്കയ്ക്ക് ‘വലിയ ആപത്തായി’ മാറുമെന്ന് ഡൊണാൾഡ് ട്രംപിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ മുന്നറിയിപ്പ്. പാകിസ്താനെയും ഭാരതത്തെയും ഒരേ കണ്ണിലൂടെ കാണുന്ന ട്രംപ് ഭരണകൂടത്തിന്റെ ശൈലിയെ റിപ്പബ്ലിക്കൻ പാർട്ടി എംപിയായ റിച്ച് മക്കോർമിക് രൂക്ഷമായി വിമർശിച്ചു. ഭാരതത്തെ അകറ്റിനിർത്തുന്നത് അമേരിക്കയുടെ സമാധാനത്തിനും പുരോഗതിക്കും വിഘാതമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് സംഘടിപ്പിച്ച ചടങ്ങിലാണ് മക്കോർമിക് പാകിസ്താനെയും ഇന്ത്യയെയും താരതമ്യം ചെയ്ത് പാക് ഭരണകൂടത്തിന് ‘കണ്ണാടി’ കാണിച്ചു കൊടുത്തത്.
പാകിസ്താൻ 30 കോടി ജനങ്ങളുള്ള രാജ്യമാണെങ്കിലും അമേരിക്കയിൽ ഒരു നിക്ഷേപവും അവർ കൊണ്ടുവരുന്നില്ലെന്ന് മക്കോർമിക് ചൂണ്ടിക്കാട്ടി. “ഇന്ത്യ അങ്ങനെയല്ല. അവർ അമേരിക്കയിൽ നിന്ന് നിക്ഷേപം സ്വീകരിക്കുക മാത്രമല്ല, ഇങ്ങോട്ട് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം കൊണ്ടുവരികയും ചെയ്യുന്നു. അമേരിക്കയുടെ വളർച്ചയ്ക്ക് ആവശ്യമായ അസാധാരണമായ പ്രതിഭകളെ നൽകുന്നതും ഭാരതമാണ്,” അദ്ദേഹം പറഞ്ഞു.അമേരിക്കൻ കമ്പനികൾ പാകിസ്താനിൽ നിക്ഷേപം നടത്താൻ ഭയക്കുകയാണെന്നും എന്നാൽ ഭാരതത്തിൽ മൾട്ടി ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ ഒഴുകുകയാണെന്നും ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് എംപി അമി ബേരയും വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മേൽ ട്രംപ് ഭരണകൂടം അധിക നികുതി ഏർപ്പെടുത്തിയതിനെ മക്കോർമിക് വിമർശനാത്മകമായി വിശകലനം ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ‘ഗുഡ് നാഷണലിസ്റ്റ്’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് അദ്ദേഹം റഷ്യയിൽ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നത്. ഭാരതം റഷ്യയുമായി വ്യാപാരം നടത്തുന്നത് അമേരിക്കയ്ക്ക് ഇഷ്ടമല്ലെങ്കിലും, മോദി തന്റെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് മക്കോർമിക് പറഞ്ഞു. “ഭാരതീയരെ സുഹൃത്തുക്കളായി അംഗീകരിച്ചാൽ അമേരിക്കയ്ക്ക് സമാധാനവും ഐശ്വര്യവും ലഭിക്കും. അവരെ പിണക്കിയാൽ അത് നമുക്ക് എല്ലാവർക്കും വലിയ ബുദ്ധിമുട്ടാകുമെന്നാവുമെന്ന്.” റിച്ച് മക്കോർമിക് പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാര കരാറുകൾ മുടങ്ങിക്കിടക്കുന്നതും റഷ്യൻ എണ്ണയുടെ പേരിൽ 50 ശതമാനം നികുതി ഏർപ്പെടുത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുകയാണ്. എന്നാൽ ഭാരതത്തെപ്പോലൊരു തന്ത്രപ്രധാന പങ്കാളിയെ നഷ്ടപ്പെടുത്തുന്നത് അമേരിക്കയുടെ ആഗോള സ്വാധീനത്തെ ബാധിക്കുമെന്നാണ് മക്കോർമിക്കിന്റെ മുന്നറിയിപ്പ്.













Discussion about this post