മുസ്ലീം ലീഗിനെതിരെ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരം കാരണം സിപിഎമ്മിന് സമചിത്തത നഷ്ടപ്പെട്ടുവെന്നും, അധികാരം നിലനിർത്താനുള്ള വെപ്രാളത്തിൽ എന്തും വിളിച്ചുപറയുകയാണെന്നും അദ്ദേഹം പരിഹസിച്ചു.കാസർകോട് മുനിസിപ്പാലിറ്റിയിലെ വിജയികളുടെ പേര് നോക്കി വോട്ട് വർഗീയവൽക്കരിക്കാനുള്ള സജി ചെറിയാന്റെ നീക്കം കേരളീയ സമൂഹത്തിന് മുന്നിൽ പാർട്ടിയെ പരിഹാസ്യനാക്കുകയാണെന്നും സലാം കൂട്ടിചേർത്തു.
മുസ്ലീംലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് കേരളത്തിൽ തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎമ്മാണെന്ന് പിഎംഎ സലാം ആരോപിച്ചു.പിഡിപിയെ വളർത്തിയതും പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ എസ്ഡിപിഐയുടെ പിന്തുണയോടെ ഭരിച്ചതും സിപിഎമ്മാണ്. എന്നാൽ ഇത്തവണ പത്തനംതിട്ടയിൽ ഒരു സീറ്റ് പോലും ഇല്ലാതെ അവരെ പരാജയപ്പെടുത്തിയത് ലീഗിന്റെ കരുത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ തരാംതരം പോലെ പ്രീണിപ്പിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയാണ്. വർഗീയത വളരുന്നതിന് കേരളത്തിൽ എന്നും തടസ്സമായി നിന്നത് മുസ്ലീം ലീഗ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിജയിച്ചവരുടെ പേര് നോക്കി രാഷ്ട്രീയം നിശ്ചയിക്കുന്ന സജി ചെറിയാന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് സലാം വിമർശിച്ചു.
ഹൈന്ദവർ കൂടുതലുള്ളിടത്ത് എവിടെയെങ്കിലും സിപിഎം മുസ്ലീം സ്ഥാനാർത്ഥിയെ നിർത്താറുണ്ടോ? മലപ്പുറത്ത് കമ്മ്യൂണിസം എന്തെന്നറിയാത്ത മുസ്ലീം ധനാഢ്യരെ സ്ഥാനാർത്ഥികളാക്കി വോട്ട് പിടിക്കുന്നവരാണ് ലീഗിനെ പഠിപ്പിക്കാൻ വരുന്നത്. തിരൂരങ്ങാടിയിൽ എ.കെ. ആന്റണിയെ നിർത്തുകയും വിജയിപ്പിക്കുകയും ചെയ്ത പാർട്ടിയാണ് മുസ്ലീം ലീഗ്. മുസ്ലീം ലീഗ് ചിഹ്നത്തിൽ ഇത്തവണ ക്രൈസ്തവരും ഹിന്ദുക്കളും മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും അദ്ദേഹം പറഞ്ഞു.
“സജി ചെറിയാനല്ല, ബാലനല്ല, സാക്ഷാൽ പിണറായി വിജയൻ പറഞ്ഞാൽ പോലും കേരളീയ പൊതുസമൂഹം മുസ്ലീം ലീഗിന്റെ മതേതര നിലപാടിനെ സംശയിക്കില്ല. അതിന്റെ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വമ്പിച്ച വിജയമെന്ന് പിഎംഎ സലാം പറഞ്ഞു.












Discussion about this post