ലോകരാജ്യങ്ങൾ തങ്ങളുടെ അധികാരം എത്രത്തോളം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുന്നു എന്ന് അളക്കുന്ന റെസ്‌പോൺസിബിൾ നേഷൻസ് ഇൻഡക്സിൽ (RNI) ഭാരതത്തിന് ഉജ്ജ്വല നേട്ടം. 154 രാജ്യങ്ങളുടെ പട്ടികയിൽ 16-ാം സ്ഥാനമാണ് ഭാരതം കരസ്ഥമാക്കിയത്. വികസിത രാഷ്ട്രങ്ങളായ അമേരിക്ക (66), ചൈന (68), ജപ്പാൻ (38), ബ്രിട്ടൻ (25) എന്നിവരെ പിന്നിലാക്കിയാണ് ഭാരതം ഈ നേട്ടം സ്വന്തമാക്കിയത്. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സൂചിക പുറത്തിറക്കിയത്. വേൾഡ് ഇന്റലക്ച്വൽ ഫൗണ്ടേഷൻ, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (JNU), ഐഐഎം മുംബൈ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പഠനം പൂർത്തിയാക്കിയത്.
സാമ്പത്തിക ശക്തിയോ സൈനിക കരുത്ത് അളക്കുന്ന പരമ്പരാഗത റാങ്കിംഗുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു രാജ്യം അതിന്റെ പൗരന്മാരോടും പരിസ്ഥിതിയോടും ലോകത്തോടും എത്രത്തോളം നീതി പുലർത്തുന്നു എന്നതാണ് ഈ സൂചിക പരിശോധിക്കുന്നത്. ആഭ്യന്തര ഉത്തരവാദിത്തം പരിസ്ഥിതി ഉത്തരവാദിത്തം ബാഹ്യ ഉത്തരവാദിത്തം എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ.
ജീവിതനിലവാരം, ഭരണനിർവ്വഹണം, സാമൂഹിക നീതി, സാമ്പത്തിക പ്രകടനം, സമാധാനത്തോടുള്ള പ്രതിബദ്ധത തുടങ്ങി 58 ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.ലോകത്തെ വൻശക്തികൾ പലപ്പോഴും ഉത്തരവാദിത്തത്തിന്റെ കാര്യത്തിൽ പിന്നിലാണെന്ന് ഈ സൂചിക വ്യക്തമാക്കുന്നു. സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. സ്വിറ്റ്‌സർലൻഡ് (2), ഡെന്മാർക്ക് (3), സൈപ്രസ് (4), സ്വീഡൻ (5) എന്നിവരാണ് തൊട്ടുപിന്നാലെ.
വികസ്വര രാജ്യമായിരുന്നിട്ടും പരിസ്ഥിതി സംരക്ഷണം, സമാധാന പരിപാലനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നീ മേഖലകളിൽ ഭാരതം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പാകിസ്ഥാൻ 90-ാം സ്ഥാനത്തും റഷ്യ 96-ാം സ്ഥാനത്തുമാണ്. ഉത്തര കൊറിയയാണ് (146) ഏറ്റവും പിന്നിലുള്ള രാജ്യങ്ങളിലൊന്ന്.













Discussion about this post