ദുബായ് : ലേകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ദുബായിലെ മറീന ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം . ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ 50-ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്.ശക്തമായ കാറ്റില്‍ തീ അതിവേഗം ആളിപ്പടരുകയായിരുന്നു. തീയണയ്ക്കാന്‍ പന്ത്രണ്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ ശ്രമം തുടരുകയാണ്.
തീപിടുത്തത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ താമസക്കാര്‍ കെട്ടിടം വിട്ട് രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ പല നിലകളും കത്തിച്ചാമ്പലായി. ജനലുകളും വാതിലുകളും കത്തിയമര്‍ന്ന് താഴേക്ക് വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു.തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കെട്ടിടത്തില്‍ ബാക്കിയുണ്ടായിരുന്നവരെയും അഗ്നിബാധയേത്തുടര്‍ന്ന് ഒഴിപ്പിച്ചു. ഏതാനും പേര്‍ക്ക് പുകയേറ്റതുമൂലമുണ്ടായ അസ്വസ്ഥത ഒഴിച്ചാല്‍ മറ്റാര്‍ക്കും പരുക്കേറ്റതായി സൂചനയില്ല.
ദുബായിലെ മറീനാ ജില്ലയിലുള്ള 1,105 അടി ഉയരമുള്ള ഈ കെട്ടിടം ആള്‍പ്പാര്‍പ്പുള്ള കെട്ടിടങ്ങളില്‍ ലോകത്തില്‍ തന്നെ ഏറ്റവും ഉയരം കൂടിയവയിലൊന്നാണ്. 2011 ലാണ് ഈ കെട്ടിടം താമസത്തിനായി തുറന്നത് കൊടുത്തത്. ആകെ 79 നിലകളാണ് കെട്ടിടത്തിനുളളത്.
Discussion about this post