ഒടുവില്‍ തിരുവാതിരകളിയ്ക്കും അമ്പലപ്പുഴ പാല്‍പ്പായസത്തിനും ശാപമോക്ഷമായി.! ഈ രണ്ട് സവര്ണ്ണഹൈന്ദവഅന്ധവിശ്വാസഫാസിസ്റ്റ് ഉല്‍പ്പന്നങ്ങളും ഇപ്പോള്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സ്ഥാവരജംഗമവഹയിലെയ്ക്ക് എഴുതിച്ചേര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഈ സുധാകരന് സഖാവൊക്കെ കുറച്ചു കൂടി മുന്‍പ് ജനിക്കേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും ജനിച്ചല്ലോ. ഭാഗ്യം.
കേരളത്തിലെ ഫ്യൂഡല്‍ നാടുവാഴിവ്യവസ്ഥയുടെ ചിഹ്നമായി അവശേഷിച്ചിരുന്ന ഏക സംഭവം ഈ തിരുവാതിരകളിയാണ് എന്ന് നമ്മളാരെങ്കിലും അറിഞ്ഞിരുന്നോ..? പക്ഷെ സഖാവ് അത് മണത്തറിഞ്ഞു. ഉടനെ പേനയും കടലാസും എടുത്തു. എഴുതി ഒരു മണിപ്രവാളം.
‘നാട്ടുമക്കള് കൂട്ടമായി വന്നു ചേരുമാലപ്പുഴ നാട്ടിലിന്നു സീപ്പീഎമ്മിന് സമ്മേളനമായ്..’ ആഹഹഹാ..വിപ്ലവാരിഷ്ടവും ലാസ്യാസവവും സമം ചേര്‍ത്ത ഒരു പ്രയോഗം. ‘ചോരതുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍’ എന്നൊക്കെ കൈചുഴറ്റിയെറിഞ്ഞു വിളിച്ചു ശീലിച്ച വനിതാ സഖാക്കള്‍ മുണ്ടും നേര്യതും ഉടുത്തുവന്ന് പദമിടഞ്ഞാടി..
കേരളത്തിലെ ഫ്യൂഡല്‍ വ്യവസ്ഥയുടെ ഏറ്റവും വല്യ ചിഹ്നമായിരുന്നു ഈ തിരുവാതിര കളി എന്നായിരുന്നുവല്ലോ ഈ സംസ്ഥാനസമ്മേളനം ആസൂത്രണം ചെയ്യുന്നതിന് തൊട്ടു മുന്‍പ് വരെയുള്ള വിപ്ലവഭാഷ്യം. സ്ത്രീകളുടെ അഴവളകുകള് പുരുഷപ്രജകള്‍ക്ക് നിലവിളക്കിന്റെ വെളിച്ചത്തില്‍ കണ്ട് ആസ്വദിക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു നൃത്തം എന്നൊക്കെയാണ് പുരോഗമനബുദ്ധിജീവികള് തിരുവാതിരകളിയെ വിശേഷിപ്പിച്ചിരുന്നത്. പക്ഷെ 1001 വിപ്ലവാംഗനമാര് കളം നിറഞ്ഞാടിയപ്പോള്‍ അരികില്‍ കസേരയിട്ട് ഇരുന്നിരുന്ന ആണ് സഖാക്കള്‍ക്കൊന്നും അത്തരം ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നില്ല കേട്ടോ. അവരുടെ ലക്ഷ്യം ഒന്ന് മാത്രം; തിരുവാതിരകളിയിലെ ഫ്യൂഡല്‍ സംഭവങ്ങള്‍ പാലാഴിമഥനം പോലെ കടഞ്ഞു കടഞ്ഞു പുറത്തെടുത്ത് കളയുക. 1001 പേര് പണിപ്പെട്ടത് കൊണ്ട് ഇപ്പോള്‍ തിരുവാതിര കുറെയൊക്കെ ഫ്യൂഡല്‍ വിമുക്തമായിക്കാണും. ഒന്ന് രണ്ടു സമ്മേളനങ്ങള്‍ കൂടി കഴിയുമ്പോഴേയ്ക്കും റെഡ് വളണ്ടിയര്‍ സേനയെപ്പോലെ ഇപ്പുറത്ത് ഒരു തിരുവാതിര സേനയും രൂപപ്പെട്ടു കൂടായ്കയില്ല.
അല്ല, നമുക്ക് തിരുവാതിരയെ മാത്രം മോചിപ്പിച്ചാല്‍ മതിയോ സഖാവേ..? പിന്നെയും ഉണ്ടല്ലോ ചില ഫ്യൂഡല്‍ കലകള്‍..? ഉദാഹരണത്തിന് കഥകളി..ഒരു ഒന്നൊന്നര ജന്മിത്വ ഉല്പ്പന്നമാണത്രേ. അടുത്ത സമ്മേളനം ആകുമ്പോഴേയ്ക്കും നല്ല ഒരു ആട്ടക്കഥ രചിക്കണം സഖാവേ. കത്തി, കരി, താടി വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയ പ്രതിഭകളെ കണ്ണൂരില്‍ നിന്നോ സംസ്ഥാനകമ്മറ്റിയില്‍ നിന്നോ ഈസിയായി കണ്ടുപിടിക്കാം. പച്ചവേഷത്തിന് പറ്റിയ മുഖം കിട്ടാനാണ് പാര്‍ട്ടിയില്‍ ബുദ്ധിമുട്ട്. വിപ്ലവത്തിനുള്ള തയ്യാറെടുപ്പ് കാരണം മുഖത്തെ പേശികള്‍ ഇപ്പോഴും ‘സാാാാവ്ധാാാാന്’ എന്ന് കേട്ട ജവാനെപ്പോലെ വലിഞ്ഞുമുറുകിയേ നില്ക്കൂ. കഥ കാറല്‍മാര്‍ക്സ് ചരിതം തന്നെയായിക്കോട്ടെ. ഇടവേളയില്‍ വേണമെങ്കില്‍ ചന്ദ്രശേഖരവധമോ ദല്ഹിആപ്പ് ചരിതമോ ഒക്കെയാകാം. ചവിട്ടുനാടകത്തിനു സ്കോപ്പ് ഉണ്ടോ..?ഏയ് ഇല്ല..!! ചവിട്ട് ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞല്ലോ.
തിരുവാതിരയ്ക്ക് മാത്രമല്ല; മറ്റൊന്നിനും കൂടി ഉണ്ട് ഇക്കുറി ശാപമോക്ഷം. അമ്പലപ്പുഴ പാല്‍പ്പായസം എന്ന് വച്ചാല്‍ ഒരു അന്ധവിശ്വാസപ്രസാദം എന്നല്ലേ നമ്മള് വിചാരിച്ചിരുന്നത്..? എന്നാല്‍ ആ വിചാരമൊക്കെ മനസ്സില്‍ നിന്ന് കളഞ്ഞ് റെഡിയായി ഇരുന്നോ.. അമ്പലപ്പുഴ പാല്‍പ്പായസം എന്ന് പറഞ്ഞാല്‍ ഏതു സഖാവിനും കഴിക്കാവുന്ന ഒരു കിടുക്കന്‍ സാധനമാണ് എന്ന് സുധാകരന് സഖാവ് പറഞ്ഞിരിക്കുന്നു. ഒട്ടേറെ വിപ്ലവപോഷകമൂല്യങ്ങള് അതില്‍ എവിടെയൊക്കെയോ മുങ്ങിക്കിടപ്പുണ്ടത്രേ. ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസവും അനാചാരവും നശിച്ചു എന്നര്‍ത്ഥം’ എന്നു പറഞ്ഞ സഖാവിന്റെ നാട്ടില്‍ത്തന്നെയാണ് അമ്പലപ്പുഴ പാല്‍പ്പായസം കുടിയ്ക്കാന്‍ വേണ്ടി സഖാക്കള്‍ ഗ്ലാസ്സുമായി ക്യൂ നില്ക്കുക എന്നോര്‍ക്കുമ്പോള്‍….ശ്ശോ..!! കടിയായി ഈരണ്ടു ശബരിമല അപ്പം കൂടി വേണ്ടതായിരുന്നു, ല്ലേ..?. സമ്മേളനം തികച്ചും ആര്ഭാടരഹിതമാക്കുന്നതിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിനു ശേഷം നല്‍കിയിരുന്ന കപ്പിന് 2030 രൂപ വില വരുന്ന ഐസ്ക്രീം പോലും ഉപേക്ഷിച്ച സമയത്താണ് ലിറ്ററിന് നൂറു രൂപ വില വരുന്ന അമ്പലപ്പുഴപ്പാല്‍പ്പായസം സമ്മേളനനഗരിയിലൊഴുക്കാന് തീരുമാനിച്ചത് എന്ന് കൂടി ചേര്‍ത്തു വായിക്കുമ്പോഴേ ലാളിത്യത്തോടുള്ള ആ ആസക്തി മനസ്സിലാകൂ..!!
സത്യത്തില്‍ എന്തായിരിക്കും ഈ തിരുവാതിരപാല്പ്പായസ പ്രേമത്തിനു കാരണം..? ഓഹ്..!! അത്രയ്ക്കൊന്നും ആലോചിക്കാന്‍ ഇല്ല ന്നേ..!! കാലാകാലങ്ങളായി പാര്‍ട്ടിയ്ക്കൊപ്പം നിന്നിരുന്ന ഭൂരിപക്ഷ സമുദായത്തിലെ സാധാരണക്കാര്‍ ഇപ്പോള്‍ പതുക്കെപ്പതുക്കെ ഘര്‍വാപസി നടത്തുന്നുണ്ടോ എന്നൊരു സംശയം. ന്യൂനപക്ഷത്തിന് പണ്ടേ നമ്മളെ വിശ്വാസമില്ല. ഒപ്പമുണ്ടായിരുന്നവര്‍ ഇപ്പോള്‍ ദേ കളംമാറുകയും ചെയ്യുന്നു. ചെറുക്കാന്‍ എന്തുണ്ട് വഴി എന്ന് തലപുകഞ്ഞ് ആലോചിച്ചപ്പോഴാണ് പുത്തി തെളിഞ്ഞു വന്നത്..
മറ്റൊന്നുമല്ല; ഈ വക പാരമ്പര്യബിംബങ്ങളെ വിപ്ലവത്തിന്റെ ചാറു തളിച്ച് വെടക്കാക്കി തനിക്കാക്കുക. ഭൂരിപക്ഷസ്വത്വങ്ങളെ അംഗീകരിച്ച് ആദരിക്കുന്നതിലൂടെ ‘ഞമ്മള് ങ്ങക്കൊപ്പം തന്ന്യാണേയ്’ എന്ന് ഹിന്ദു വിഭാഗത്തോട് പറയാതെ പറയുക. പണ്ടത്തെ കേശവന് സഖാവിന്റെ ഡയലോഗ് ഇപ്പോള്‍ കാച്ചിയാല്‍ ഉള്ള പത്തു വോട്ടു കൂടി മറ്റവന്മാര് കൊണ്ടുപോകും. അപ്പോള്‍പ്പിന്നെ വേറെ എന്ത് ചെയ്യാന്‍..?
അംഗനമാര്‍ ചുവടുവയ്ക്കട്ടെ.. ശിങ്കങ്ങള്‍ പായസം വയ്ക്കട്ടെ…!! വിപ്ലവം പായസച്ചെമ്പിലൂടെ…!!
Discussion about this post