ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതി പ്രമുഖർ. 2047-ഓടെ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ രാജ്യം കുതിക്കുകയാണെന്നും, ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നത് ഇനി വെറുമൊരു സമയത്തിന്റെ മാത്രം കാര്യമാണെന്നും സാമ്പത്തിക വിദഗ്ധരും കേന്ദ്രമന്ത്രിമാരും അഭിപ്രായപ്പെട്ടു.
ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ ഇന്ത്യയുടെ വളർച്ചയെ ഒരു ആത്മീയ ഉപമയോടെയാണ് വിശേഷിപ്പിച്ചത്. “ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പത്തിക ശക്തിയാകുന്നത് നക്ഷത്രങ്ങളിൽ എഴുതപ്പെട്ട കാര്യമാണ്. വ്യവസായ ലോകത്തിന് ഇന്ന് ഇന്ത്യയിൽ ലഭിക്കുന്നത് ഏറ്റവും മികച്ച സാഹചര്യമാണ്. മുൻപ് ഒരു ലൈസൻസിനായി നൂറുകണക്കിന് ഡിപ്പാർട്ട്‌മെന്റുകൾ കയറിയിറങ്ങണമായിരുന്നു, എന്നാൽ ഇന്ന് ആ കാലം കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒരു ‘ഉപഭോക്താക്കളുടെ വൻകര’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറും പ്രമുഖ സാമ്പത്തിക വിദഗ്ധയുമായ ഗീത ഗോപിനാഥ് ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെയും ജിഎസ്ടി പരിഷ്കാരങ്ങളെയും വാനോളം പുകഴ്ത്തി. 2028-ഓടെയോ അതിന് മുൻപോ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് അവർ പ്രവചിച്ചു. കുറഞ്ഞ പണപ്പെരുപ്പവും ശക്തമായ വളർച്ചയും ഇന്ത്യയെ സുരക്ഷിതമായ നിലയിൽ എത്തിച്ചിരിക്കുന്നു. എങ്കിലും, ഭൂമി ഏറ്റെടുക്കൽ, തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ, മലിനീകരണ നിയന്ത്രണം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണമെന്നും അവർ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ 1,600 കാലഹരണപ്പെട്ട നിയമങ്ങൾ എടുത്തുകളഞ്ഞതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 35,000-ത്തോളം അനുമതികൾ ലഘൂകരിച്ചു. “മുമ്പ് ഒരു ടെലികോം ടവർ സ്ഥാപിക്കാൻ 270 ദിവസമെടുത്തിരുന്നെങ്കിൽ ഇന്ന് അത് 7 ദിവസമായി ചുരുങ്ങി. ലോകം ഇന്ന് ഇന്ത്യയെ കാണുന്നത് ഏറ്റവും വിശ്വസിക്കാവുന്ന സപ്ലൈ ചെയിൻ പങ്കാളിയായാണ്,” മന്ത്രി പറഞ്ഞു. ആഗോള താരിഫ് വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയിൽ വൻ വർധനവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി












Discussion about this post