ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനങ്ങളിലൊന്നായ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതി അറസ്റ്റിലായിരിക്കുകയാണ്. സുരക്ഷാ പരിശോധനയുടെ മറവിൽ കൊറിയൻ വിനോദസഞ്ചാരിയെ അപമര്യാദയായി പീഡിപ്പിക്കാൻ ശ്രമിച്ച വിമാനത്താവള കരാർ ജീവനക്കാരൻ അഫാൻ അഹമ്മദിനെയാണ് എയർപോർട്ട് പോലീസ് പിടികൂടിയത്.
ജനുവരി 19-നായിരുന്നു രാജ്യത്തെ നാണം കെടുത്തിയ ഞെട്ടിച്ച ഈ സംഭവം. വിമാനത്താവളത്തിൽ എത്തിയ യുവതിയോട് ലഗേജിൽ നിന്ന് സംശയാസ്പദമായ ശബ്ദം കേൾക്കുന്നുണ്ടെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ചാണ് അഫാൻ അഹമ്മദ് ഇവരെ വിജനമായ സ്ഥലത്തേക്ക് മാറ്റിയത്. ഭീകരാക്രമണ ഭീഷണിയോ മറ്റോ ആണോ എന്ന് ഭയന്ന വിദേശ യുവതി പരിശോധനയുമായി സഹകരിക്കാൻ തയ്യാറായി. എന്നാൽ, ഈ സാഹചര്യം മുതലെടുത്ത അഫാൻ യുവതിയെ കടന്നുപിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഇന്ത്യയിലെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നെങ്കിലും, വിദേശ യുവതിയുടെ പ്രതികരണം ഭാരതത്തോടുള്ള അവരുടെ ബഹുമാനം വെളിപ്പെടുത്തുന്നതായിരുന്നു. “ഇതൊരു വ്യക്തിയുടെ മാത്രം വൈകൃതമാണ്, അവൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ല. ഇന്ത്യ ഇന്നും സുരക്ഷിതമാണ്” എന്ന് കിം സങ് ക്യുങ് പറഞ്ഞു. ഭാരതീയ സംസ്കാരത്തോട് തനിക്കുള്ള സ്നേഹത്തിന് ഈ ഒറ്റപ്പെട്ട സംഭവം തടസ്സമാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യാത്രക്കാരുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന നിലപാടിലാണ് വിമാനത്താവള അധികൃതരും പോലീസും. സംഭവത്തിൽ എയർപോർട്ട് സെക്യൂരിറ്റി ഗ്രൗണ്ട് സ്റ്റാഫായ അഫാൻ അഹമ്മദിനെതിരെ കേസെടുത്ത് ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളം പോലുള്ള തന്ത്രപ്രധാനമായ ഇടങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.











Discussion about this post