ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിന് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ പ്രൊമോ വീഡിയോ കായികലോകത്ത് വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യയെ പരോക്ഷമായി കളിയാക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയതാണ് കായിക പ്രേമികളെ ചൊടിപ്പിച്ചത്.
ഓസ്‌ട്രേലിയൻ താരങ്ങളെയും ആരാധകരെയും പാകിസ്ഥാൻ സ്വാഗതം ചെയ്യുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഇതിനിടയിലുള്ള ഒരു രംഗമാണ് വിവാദമായത്. വീഡിയോയിൽ ഒരു പാകിസ്ഥാനി ഡ്രൈവർ ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിയോട് പറയുന്നത് ഇങ്ങനെയാണ്: “നിങ്ങൾ ഹസ്തദാനം ചെയ്യാൻ മറന്നുപോയി, വഴിമധ്യേ അയൽക്കാരുടെ അടുത്ത് നിന്നിട്ടാണോ വരുന്നത്?”
ശേഷം ഓസ്‌ട്രേലിയക്കാരൻ ഹസ്തദാനം കൊടുക്കുന്നതും വിഡിയോയിൽ കാണാം. പാകിസ്ഥാനിലെത്തുന്ന ഓസ്‌ട്രേലിയൻ താരങ്ങളുടെയും സ്വാഗതം ചെയ്യുന്ന വീഡിയോയിൽ എന്തിനാണ് അനാവശ്യമായി ഇന്ത്യയെ കളിയാക്കാനായി ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നതാണ് ചോദ്യം.
സമീപകാലത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾക്ക് ശേഷം താരങ്ങൾ തമ്മിൽ ഹസ്തദാനം ചെയ്യുന്നതിൽ ഉണ്ടായ അസ്വാരസ്യങ്ങളെയും വിട്ടുനിൽക്കലുകളെയും പരിഹസിക്കാനാണ് പിസിബി ഇത്തരമൊരു സംഭാഷണം ബോധപൂർവ്വം ഉൾപ്പെടുത്തിയത്. ക്രിക്കറ്റ് എന്നതിലുപരി രാഷ്ട്രീയപരമായ ഒരു പ്രകോപനം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാക്കാൻ പിസിബി നടത്തിയ ഈ നീക്കം ഒരു പരിധിവരെ വിജയിച്ചു. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തി. എന്നാൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡ് ഇത്രയും തരംതാഴ്ന്ന രീതിയിൽ അയൽരാജ്യത്തെ പരിഹസിക്കുന്നത് ശരിയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.
https://twitter.com/i/status/2013978461874925692












Discussion about this post